man-ki-bath

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രതിഷേധം തുടരുന്നതിനിടെ, നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിയമം കർഷകർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കിയെന്നും സാദ്ധ്യതകളുടെ പുതിയ വാതായനം തുറന്നുനൽകിയെന്നും മൻ കി ബാത്ത് റേഡിയോ പ്രഭാഷണത്തിൽ മോദി പറഞ്ഞു. കിംവദന്തികളിൽ നിന്ന് അകന്നുനിൽക്കണമെന്നും പുതിയ നിയമങ്ങളെക്കുറിച്ച് യുവാക്കൾ ഗ്രാമങ്ങളിൽ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കർഷകരുടെ കാലങ്ങളായുള്ള ആവശ്യം പല രാഷ്ട്രീയ പാർട്ടികളും നടപ്പാക്കുമെന്ന് വാഗ്ദാനം നൽകിയതാണ്. ഇന്നത് സാക്ഷാത്ക്കരിക്കപ്പെട്ടു. വളരെ ചർച്ചകൾക്ക് ശേഷമാണ് പാർലമെന്റ് കാർഷിക പരിഷ്‌ക്കരണ നിയമങ്ങൾ പാസാക്കിയത്. ഇതിലൂടെ കർഷകർക്ക് പുതിയ അധികാരവും അവസരങ്ങളും ലഭിച്ചു. ഈ അധികാരങ്ങൾ കുറഞ്ഞ സമയം കൊണ്ട് കർഷകരുടെ പ്രശ്നങ്ങൾ കുറച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം വിളകൾ വാങ്ങി മൂന്ന് ദിവസത്തിനകം കർഷകന് മുഴുവൻ പണവും നൽകണം. ഇല്ലെങ്കിൽ കർഷകന് പരാതി നൽകാം. പ്രദേശത്തെ എസ്.ഡി.എം കർഷകന്റെ പരാതി ഒരു മാസത്തിനുള്ളിൽ തീർപ്പാക്കണം.

ഏത് മേഖലയിലും ശരിയായ വിവരങ്ങൾ മനസിലാക്കുന്നത് വ്യക്തിയുടെ കരുത്ത് വ‌ർദ്ധിപ്പിക്കും. സമീപ ഗ്രാമങ്ങളിൽ പോയി കർഷകരെ ആധുനിക
കൃഷിയെക്കുറിച്ചും കാർഷിക പരിഷ്‌കാരങ്ങളെക്കുറിച്ചും ബോധവാൻമാരാക്കണമെന്ന് യുവാക്കളോട്, പ്രത്യേകിച്ച് കാർഷിക പഠനം നടത്തുന്ന വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുകയാണെന്നും മോദി പറഞ്ഞു.