പ്രതിഷേധ സ്ഥലം മാറ്റണമെന്ന അമിത് ഷായുടെ ആവശ്യം തള്ളി
ആഭ്യന്തരമന്ത്രാലയവുമായി ചർച്ചയ്ക്കില്ല
അതിർത്തികൾ ഉപരോധിച്ച് ശക്തമായ സമരം
കൂടുതൽ കർഷകരോട് ഡൽഹിയിലെത്താൻ ആഹ്വാനം
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധം ബുറാഡിയിലെ സർക്കാർ നിശ്ചയിച്ച മൈതാനത്തേക്ക് മാറ്റണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം കർഷക സംഘടനകൾ തള്ളി. ഉപാധികളോടെയുള്ള ഒരു ചർച്ചയ്ക്കും തയാറല്ലെന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. പ്രതിഷേധം ബുറാഡിയിലേക്ക് മാറ്റിയാൽ ഡിസംബർ മൂന്നിന് മുമ്പ് തന്നെ ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതാണ് കർഷകർ തള്ളിയത്.
ആഭ്യന്തരമന്ത്രാലയവുമായി ചർച്ചയ്ക്കില്ല. ഉന്നതരാഷ്ട്രീയ തലത്തിലുള്ള ചർച്ച വേണം. കേന്ദ്രസർക്കാർ കാബിനറ്റ് സമിതിയെയോ മന്ത്രിതല സമിതിയെയോ ചർച്ചയ്ക്ക് നിയോഗിക്കണം.
വിവിധ കർഷക സംഘടനകളിൽ നിന്നുള്ള 30 ഓളം നേതാക്കളാണ് ഇന്നലെ യോഗം ചേർന്ന് തീരുമാനമെടുത്തത്. കൂടുതൽ കർഷകരോട് ഡൽഹിയിലെത്താൻ നേതാക്കൾ ആഹ്വാനം ചെയ്തു. ഡിസംബർ ഒന്നുമുതൽ സംസ്ഥാനതലങ്ങളിലും സമരം ശക്തമാക്കും. ഡൽഹിയിലേക്കുള്ള പ്രധാന അഞ്ചു പാതകൾ ഉപരോധിച്ച് സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
ബുറാഡിപാർക്കല്ല, തുറന്ന ജയിലാണ്. ഒരു രാഷ്ട്രീയ നേതാക്കളെയും തങ്ങളുടെ വേദിയിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. കർഷക വിരുദ്ധവും കോർപറേറ്റ് അനുകൂലവുമാണ് മൂന്നു കാർഷിക നിയമങ്ങളും. അതിനാൽ അവ റദ്ദാക്കണം. താങ്ങുവില സമ്പദ്രായം നിലനിറുത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.
ലക്ഷ്യം ജന്തർമന്ദിർ
കർഷക നിയമങ്ങൾക്കെതിരായ 'ദില്ലി ചലോ പ്രതിഷേധം" അഞ്ചാംദിവസത്തേക്ക് കടന്നു. പ്രതിഷേധക്കാരെ ഡൽഹി ജന്തർ മന്ദിറിലേക്ക് പ്രവേശിപ്പിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. നിലവിൽ ഹരിയാന- ഡൽഹി അതിർത്തിയായ സിംഗുവിലും തിക്രിയിലും ആയിരക്കണക്കിന് കർഷകരുടെ പ്രതിഷേധം തുടരുകയാണ്. ഈ അതിർത്തികൾ പൂർണമായും അടച്ചിട്ടുണ്ട്. പശ്ചിമ യു.പിയിൽ നിന്നുള്ള കർഷകർ യു.പി -ഡൽഹി അതിർത്തിയായ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രതിഷേധിക്കുന്നുണ്ട്. ഡൽഹിയിലെത്തിയ ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകരെ പൊലീസ് ബുറാഡി പാർക്കിലേക്ക് മാറ്റി.
കാറിന് തീപിടിച്ച് ഒരു മരണം
തിക്രി അതിർത്തിയിൽ പ്രതിഷേധിക്കുന്നതിനിടെ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. 55 കാരനായ ജനക് രാജ് അഗർവാൾ ആണ് മരിച്ചത്. കർഷക സമരത്തിനെത്തിയവരുടെ ട്രാക്ടറുകൾ സൗജന്യമായി നന്നാക്കി കൊടുത്തയാളാണ് ജനക് രാജ് അഗർവാൾ. കാറിൽ ഉറങ്ങുമ്പോൾ തീപിടിത്തമുണ്ടായെന്നാണ് റിപ്പോർട്ട്.
വിമർശനവുമായി കോൺഗ്രസ്
കേന്ദ്രസർക്കാരിന് അധികാരം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. പുതിയ കാർഷിക നിയമങ്ങളെ പുകഴ്ത്തിയ പ്രധാനമന്ത്രിയുടെ നടപടി ഇതാണ് വ്യക്തമാക്കുന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഭീകരരെപ്പോലെയാണ് കർഷകരോട് കേന്ദ്രം പെരുമാറുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചു. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെ ഖാലിസ്ഥാനിയെന്ന് വിളിക്കുന്നത് കർഷകരോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്രം
കർഷകർ പ്രതിഷേധം അവസാനിപ്പിച്ച് ചർച്ചയ്ക്ക് തയാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആവശ്യപ്പെട്ടു. റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം അവസാനിപ്പിച്ച് ബുറാഡിയിലെ മൈതാനത്തേക്ക് മാറണമെന്ന് കേന്ദ്രസർക്കാർ വീണ്ടും നിർദ്ദേശിച്ചു. ഉന്നതല മന്ത്രിമാരുടെ സംഘം കർഷകരുമായി ചർച്ച നടത്തും. കർഷക പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിൽ വ്യക്തമാക്കി.