ന്യൂഡൽഹി: വാക്‌സിൻ കണ്ടുപിടിച്ചാലും മാസ്‌ക് ഉൾപ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോൾ തുടരണമെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. മാസ്‌ക് ഒരു വാക്സിൻ പോലെ തന്നെയാണ്. കൊവിഡ് വ്യാപനം തടയുന്നതിൽ മാസ്‌കുകളുടെ സംഭാവന അവഗണിക്കാനാവില്ല. വാക്‌സിൻ ലഭ്യമായാലും ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോൾ തുടരണം. കൊവിഡ് അവസാനിപ്പിക്കാൻ വാക്‌സിൻ കൊണ്ടുമാത്രം സാധിക്കില്ല. ഒരു വെബിനാറിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ അഞ്ചു കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിക്കുകയാണ്. ഇതിൽ രണ്ടെണ്ണം തദ്ദേശീയമായുള്ളതും ബാക്കി വിദേശത്തുനിന്നുള്ളതുമാണ്.
അടുത്തവർഷം ജൂലായ് ഓടെ 30 കോടി പേർക്ക് വാക്‌സിൻ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. 24 നിർമ്മാണ യൂണിറ്റുകളും 19 സ്ഥാപനങ്ങളും കൊവിഡ് വാക്‌സിൻ വികസനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വാക്‌സിൻ വികസിപ്പിച്ചാൽ മറ്റു വികസ്വര രാജ്യങ്ങളെയും ഇന്ത്യ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.