ന്യൂഡൽഹി: ഓക്സഫോഡ് സർവകലാശാലയും അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവിഷീൽഡിന്റെ പരീക്ഷണത്തിന് വിധേയനായ ശേഷം നാഡീ സംബന്ധമായ ഗുരുതര പാർശ്വഫലങ്ങളുണ്ടായതായുള്ള ചെന്നൈ സ്വദേശിയുടെ ആരോപണം പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിഷേധിച്ചു. പരാതിക്കാരന്റെ ആരോഗ്യപ്രശ്നങ്ങളും വാക്സിൻ പരീക്ഷണവുമായി ബന്ധമില്ല. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് കമ്പനിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിൽ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
പരീക്ഷണത്തിന് വിധേയമായ ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായതായി ചൂണ്ടിക്കാട്ടി അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ 40കാരനാണ് കഴിഞ്ഞദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഐ.സി.എം.ആർ, ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ, അസട്രാസെനിക്ക സി.ഇ.ഒ, ഓക്‌സ്‌ഫോഡ് സർവകലാശാലയിലെ പ്രൊഫസർ, ചെന്നൈയിലെ ശ്രീരാമചന്ദ്ര ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ വൈസ് ചാൻസലർ എന്നിവർക്ക് നോട്ടീസ് അയച്ചത്. പരീക്ഷണം ഉടൻ നിറുത്തിവയ്ക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒക്ടോബർ ഒന്നിനാണ് മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചത്. എന്നാൽ കടുത്ത തലവേദന അടക്കമുള്ള പാർശ്വഫലങ്ങളുണ്ടായതായും ഏഴ് ദിവസത്തോളം ഐ.സി.യു.വിൽ കിടക്കേണ്ടിവന്നെന്നുമാണ് ആരോപണം. ഒക്ടോബർ 26നാണ് ഡിസ്ചാർജ്ജ് ചെയ്തത്. ആരോഗ്യപ്രശ്നങ്ങൾ പൂർണമായും മാറിയിട്ടില്ല. നോട്ടീസിന് വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ അടുത്തയാഴ്ച കോടതിയെ സമീപിക്കാനാണ് തീരുമാനം.