ന്യൂഡൽഹി: മദ്ധ്യേഷ്യയിലെ ഒരു രാജ്യത്ത് ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന 50 ശാസ്ത്രജ്ഞരെ കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ഇന്ത്യയിലെത്തിച്ചു. മദ്ധ്യേഷ്യൻ രാജ്യത്തെ ഇന്ത്യൻ എംബസിയുടെ ആവശ്യത്തെത്തുടർന്ന് 19 മണിക്കൂർ നീണ്ട പ്രത്യേക ദൗത്യത്തിലേർപ്പെട്ടാണ് ഇന്ത്യക്കാരായ ശാസ്ത്രജ്ഞരെ ഇന്ത്യൻ വ്യോമസേന തിരികെ രാജ്യത്ത് എത്തിച്ചത്. ശാസ്ത്രജ്ഞരിൽ ഒരാളുടെ നില ഗുരുതരമാണ്.
'കുടുങ്ങിപ്പോയ ശാസ്ത്രജ്ഞരെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ആ രാജ്യത്തേക്ക് പ്രത്യേക വിമാനം അയച്ചു. 19 മണിക്കൂർ നീണ്ട ദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനയിലെ സി 17 ഗ്ലോബ്മാസ്റ്റർ ഹെവിലിഫ്റ്റ് ട്രാൻസ്‌പോർട്ട് എയർക്രാഫ്ടാണ് വ്യോമസേന ഉപയോഗിച്ചത്.' സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മദ്ധ്യേഷ്യയിലെ ഏതുരാജ്യത്ത് നിന്നാണ് ഇവരെ തിരികെ നാട്ടിലെത്തിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ ദക്ഷിണ ഭാഗത്താണ് ശാസ്ത്രജ്ഞരെ ഇറക്കിയത്. ഇതെവിടെയാണെന്നും വെളിപ്പെടുത്തിയിട്ടില്ല.
പേര് വെളിപ്പെടുത്താത്ത ഒരു മദ്ധ്യേഷ്യൻ രാജ്യത്ത് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു 50 ശാസ്ത്രജ്ഞരും. ആ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ചികിത്സാസൗകര്യങ്ങളുടെ അപര്യപ്തതയെത്തുടർന്നാണ് ഇവരെ നാട്ടിലെത്തിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ നിന്നും പുറപ്പെട്ട വിമാനം ഒമ്പതു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ മദ്ധ്യേഷ്യൻ രാജ്യത്തെത്തി. ശാസ്ത്രജ്ഞരെ മുൻകൂട്ടി വിമാനത്താവളത്തിലെത്തിച്ചിരുന്നു. രണ്ടുമണിക്കൂറിനുശേഷം ഇവരെ വഹിച്ച് വിമാനം തിരികെ പറക്കുകയായിരുന്നു.