ന്യൂഡൽഹി: കൊവിഡ് വാക്സിൻ വികസനത്തിനായുള്ള മിഷൻ കൊവിഡ് സുരക്ഷാ പദ്ധതി കേന്ദ്രസർക്കാർ തുടങ്ങി. ആദ്യഘട്ടത്തിനായി 900 കോടി രൂപയും അനുവദിച്ചു. ഇന്ത്യൻ കൊവിഡ് വാക്സിൻ ഗവേഷണത്തിനും വികസനത്തിനുമായി ബയോടെക്നോളജി വകുപ്പിന് ഒരു വർഷത്തേക്കാണ് ഈ തുക നൽകുന്നത്. പത്തു വാക്സിനുകൾക്കാണ് ബയോടെക്നോളജി വകുപ്പ് പിന്തുണ നൽകുന്നത്. ഇതിൽ അഞ്ചു വാക്സിൻ മനുഷ്യരിൽ പരീക്ഷണ ഘട്ടത്തിലാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
തദ്ദേശീയവും ചെലവ് കുറഞ്ഞതുമായ വാക്സിൻ രാജ്യത്ത് ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് മിഷൻ കൊവിഡ് സുരക്ഷ പദ്ധതി. ഇപ്പോൾ അനുവദിച്ച തുക പ്രീക്ലിനിക്കൽ, ക്ലിനിക്കൽ പരീക്ഷണം ഊർജിതമാക്കാൻ വിനിയോഗിക്കും. നിലവിൽ മനുഷ്യപരീക്ഷണ ഘട്ടത്തിലുള്ളതും പരീക്ഷണത്തിന് തയ്യാറെടുക്കുന്നതുമായ വാക്സിനുകളുടെ ലൈസൻസ് നടപടികൾക്കും ലാബ് സൗകര്യമൊരുക്കലടക്കമുള്ളവയ്ക്കും തുക പ്രയോജനപ്പെടുത്തും.
മൂന്ന് കമ്പനികളുമായി
മോദിയുടെ യോഗം
ന്യൂഡൽഹി: കൊവിഡ് വാക്സിൻ വികസനവുമായി ബന്ധപ്പെട്ട് മൂന്നു കമ്പനികളുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ജെന്നോവ ബയോഫാർമ്മ, ബയോളജിക്കൽ ഇ, ഡോ. റെഡ്ഡിസ് എന്നീ കമ്പനികളിലെ വിദഗ്ദ്ധരുമായാണ് വീഡിയോ കോൺഫറൻസ് യോഗം.
പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക് എന്നീ കമ്പനികളുടെ ആസ്ഥാനം കഴിഞ്ഞദിവസം പ്രധാനമന്ത്രി സന്ദർശിച്ച് വാക്സിൻ പുരോഗതി വിലയിരുത്തിയിരുന്നു.
കൊവിഡ് രോഗികൾ 94 ലക്ഷം
കേരളത്തിൽ 5.93 ലക്ഷം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 94 ലക്ഷവും കേരളത്തിൽ 5.93 ലക്ഷവും കടന്നു. പുതിയ കേസുകളിൽ 70.43 ശതമാനവും കേരളം ഉൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ.
രാജ്യത്തെ മരണം 1.37 ലക്ഷം പിന്നിട്ടു. ആക്ടീവ് കേസുകൾ ആകെ രോഗബാധിതരുടെ 4.83 ശതമാനം മാത്രമാണ്. 24 മണിക്കൂറിനിടെ 41,810 പുതിയ രോഗികളും 496 മരണവും റിപ്പോർട്ട് ചെയ്തു.
42,298 പേർ രോഗമുക്തരായി. പുതിയ മരണങ്ങളിൽ 70.97 ശതമാനവും ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഹരിയാന, പഞ്ചാബ്, കേരള, യു.പി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായാണ്.ഡൽഹിയിലാണ് ഏറ്റവും കൂടുതൽ മരണം.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.71 ശതമാനമായി. 24 മണിക്കൂറിനിടെ പ്രതിദിന
രോഗമുക്തി കൂടുതൽ ഡൽഹിയിലാണ്.
കേരളത്തിൽ
ഇന്നലെ 5643
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5643 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4951 പേർ
സമ്പർക്കരോഗികളാണ്. 571 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 27 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34%. 5861 പേർ രോഗമുക്തരായി. വിവിധ ജില്ലകളിലായി 3,15,497 പേരാണ് നിരീക്ഷണത്തിലുള്ളത്.
ആകെ രോഗികൾ 5,93,350