ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ , പാർലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി, സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവരുൾപ്പെടെ പാർലമെന്റിന്റെ ഇരുസഭകളിലെയും കക്ഷിനേതാക്കൾ പങ്കെടുക്കും. കൊവിഡ് മഹാമാരി ആരംഭിച്ചശേഷമുള്ള രണ്ടാമത്തെ സർവകക്ഷിയോഗമാണിത്.
കൊവിഡ് വാക്‌സിൻ വികസന പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി യോഗത്തിൽ സംസാരിക്കുമെന്നാണ് റിപ്പോർട്ട്.
വാക്സിൻ പരീക്ഷണം നടത്തുന്ന പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക് എന്നീ കമ്പനികളുടെ ആസ്ഥാനം കഴിഞ്ഞദിവസം പ്രധാനമന്ത്രി സന്ദർശിച്ച് വാക്സിൻ പുരോഗതി വിലയിരുത്തിയിരുന്നു.