ന്യൂഡൽഹി: ലോക്‌സഭാ സെക്രട്ടറി ജനറലായി ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഉത്പൽ കുമാർ സിംഗിനെ സ്‌പീക്കർ ഓംബിർള നിയമിച്ചു. ആദ്യ വനിതാ ലോക്‌സഭാ സെക്രട്ടറി ജനറലായ സ്നേഹലതാ ശ്രീവാസ്‌തവ ഇന്നലെ വിരമിച്ച ഒഴിവിലാണിത്.
ലോക്‌സഭാ സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ സെക്രട്ടറി ജനറലാകുന്ന പതിവ് തെറ്റിച്ചാണ് 2017ൽ മോദി സർക്കാർ മദ്ധ്യപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ സ്നേഹലതയെ നിയമിച്ചത്. സ്നേഹലതയുടെ പിൻഗാമിയായി ഉത്പൽ കുമാറിനെ നിയമിച്ചതിലൂടെ കേന്ദ്രസർക്കാർ അതു തുടരുകയാണ്. തങ്ങൾക്ക് അർഹതപ്പെട്ട പ്രമോഷൻ തസ്‌തിക നഷ്‌ടപ്പെടുന്നതിൽ ലോക്‌സഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്.