ന്യൂഡൽഹി: കണ്ടെയ്ൻമെന്റ് സോണുകളിൽ മാർക്കറ്റുകൾ, മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ തുറന്നു പ്രവർത്തിപ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗരേഖയിൽ പറയുന്നു. കൊവിഡ് രണ്ടാംഘട്ട വ്യാപന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ വരുന്ന മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കണം.
65വയസിന് മുകളിൽ പ്രായമുള്ളവരും ഗർഭിണികളും ഗുരുതര അസുഖങ്ങളുള്ളവരും സാധനങ്ങൾ വാങ്ങാൻ പോകുന്നത് നിരുത്സാഹപ്പെടുത്തണം. ജീവനക്കാർക്കും ഇതു ബാധകമാണ്. മാർക്കറ്റുകളിലും മാളുകളിലും ജീവനക്കാരും സാധനങ്ങൾ വാങ്ങാൻ വരുന്നവരും മാസ്‌ക് ധരിക്കൽ, ആറടി അകലം പാലിക്കൽ തുടങ്ങിയവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കടകൾ അണുവിമുക്തമാക്കണം. കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യുന്ന പ്രദേശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കുന്നടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.