കൊച്ചി: എറണാകുളം ഗവ.ഗേൾസ് യു.പി.സ്കൂളിൽ 'കുട്ടികളോടൊപ്പം നമ്മളും' എന്ന പേരിൽ കൊവിഡ് കാലത്ത് വിദ്യാർത്ഥിനികൾക്കായി ഒരുക്കിയ വിവിധ പദ്ധതികളും പരിപാടികളും ശ്രദ്ധേയമായി. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പഠനം സുഗമമാക്കാനും കഴിയുന്ന പദ്ധതികളാണ് തുടരുന്നത്.
വീട്ടിലേക്കൊരു ഫോൺ വിളി പ്രോഗ്രാം ആയിരുന്നു ആദ്യം. മുഴുവൻ വിദ്യാർത്ഥികളേയും വൈകിട്ട് 5 മുതൽ 9 വരെ അദ്ധ്യാപകരും രക്ഷാകർത്ത്യ സമിതി അംഗങ്ങളും ഫോണിൽ വിളിച്ചു. കൊവിഡ് കാലത്തെ വിദ്യാർത്ഥിനികളുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കുകയായിരുന്നു പ്രധാന ലക്ഷ്യം. സുരക്ഷ ഉറപ്പാക്കി വീട്ടിൽ തന്നെ തുടരുന്നുണ്ടോയെന്നും ഭക്ഷണവും മറ്റത്യാവശ്യ സൗകര്യങ്ങളും ലഭ്യമാണോയെന്നും തിരക്കി. കുടുംബാംഗങ്ങളുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തു. വായിക്കാനായി സ്കൂളിൽ നിന്നും നൽകിയ പുസ്തകം വായിച്ച് കുറിപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തി. ചെയ്യാത്തവരെ പുസ്തകവായനക്ക് പ്രേരിപ്പിക്കുകയും ചെയ്തു.
മുഴുവൻ വിദ്യാർത്ഥിനികളേയും ഉൾപ്പെടുത്തി വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പൊതുവിജ്ഞാനം, കവിതാശകലങ്ങൾ, കഥകൾ, മറ്റ് അക്കാഡമിക വിവരങ്ങൾ എന്നിവ പങ്കുവയ്ക്കാനുള്ള വേദി ഉറപ്പാക്കും. ഓരോ ദിവസവും ഗ്രൂപ്പിൽ അദ്ധ്യാപകർ പോസ്റ്റു ചെയ്യുന്ന കഥ വായിച്ച് കുറിപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ വിദ്യാർത്ഥിനികൾക്ക് അവസരമുണ്ടാകും. അദ്ധ്യാപകർ കുറിപ്പ് പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നൽകും. കൊവിഡ് നിയന്ത്രണ കാലം പിന്നിടുമ്പോൾ കൂടുതൽ പുസ്തകങ്ങൾ വിദ്യാർത്ഥിനികൾക്ക് കൈമാറാനാണ് ഉദ്ദേശം. കൂടുതൽ പുസ്തകങ്ങൾ വായിച്ചവർക്കും നല്ല അനുഭവക്കുറിപ്പുകൾക്കും സമ്മാനവുമുണ്ടാകും. കൊവിഡ് കാലത്തെ വിദ്യാർത്ഥിനികളുടെ ഒറ്റപ്പെടൽ ഭീതി മറികടക്കാൻ സഹായിക്കാനും അവർക്ക് അക്കാഡമിക ദിശാബോധം നൽകാനും അദ്ധ്യാപകരും രക്ഷാകർത്തൃ സമിതിയും ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. കൊവിഡ് കാലത്ത് വിദ്യാർത്ഥിനികൾക്കായി സർക്കാർ തയ്യാറാക്കുന്ന പരിപാടികൾ അറിയിക്കുകയും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് നേരിട്ട് ഉറപ്പാക്കുകയും ചെയ്യുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.