ആലുവ: എൽ.ഡി.എഫിന് എക്കാലവും ബലികേറാമലയാണെങ്കിലും ഇക്കുറി ആലുവ നഗരസഭയിൽ എങ്ങനെയെങ്കിലും ഭരണം പിടിക്കുകയാണ് ലക്ഷ്യം. ശതാബ്ദിയിലെത്തിയ നഗരസഭയിൽ രണ്ട് വട്ടമാണ് ഇടതുപക്ഷം അധികാരത്തിലേറിയത്. ഒരു വട്ടം ഇടത് പിന്തുണയോടെ നഗര ഉദ്ധാരണ മുന്നണിയും ഭരിച്ചു.
ഇക്കുറി ആലുവ നഗരസഭയുടെ മുൻ കമ്മീഷണർ എം.എൻ. സത്യദേവനെ ചെയർമാൻ സ്ഥാനാർത്ഥിയാക്കി തിരെഞ്ഞെടുപ്പിനെ നേരിടാനാണ് എൽ.ഡി.എഫ് നീക്കം. ചർച്ചകൾ അവസാനഘട്ടത്തിലാണ്.
തോട്ടക്കാട്ടുകര നാലാം വാർഡാണ് സത്യദേവനായി പരിഗണിക്കുന്നത്. വൈസ് ചെയർപേഴ്സൺ സി. ഓമന (കോൺഗ്രസ്) പ്രതിനിധീകരിക്കുന്ന വാർഡാണിത്.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് എന്നിവരെയാണ് ഇവിടെ കോൺഗ്രസ് പരിഗണിക്കുന്നത്.
•യു.ഡി.എഫിൽ കോൺഗ്രസ് മാത്രം
യു.ഡി.എഫിന്റെ ബാനറിൽ കോൺഗ്രസ് മാത്രം മത്സരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണിത്. മുൻ മന്ത്രിയും എം.എൽ.എയുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്, മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂർ എന്നിവർ നഗരവാസികളാണെങ്കിലും ലീഗിന് പോലും സീറ്റില്ല.
കഴിഞ്ഞ തവണ ആറാം വാർഡിൽ ലീഗ് സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെങ്കിലും രക്ഷപ്പെട്ടില്ല. ഇക്കുറിയും സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ മത്സരിക്കുമെന്നും യു.ഡി.എഫ് എന്ന് ഉപയോഗിക്കുന്നതിനെ എതിർക്കുമെന്നും അവർ പറയുന്നു.
ആലുവയിൽ കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനാർത്ഥി കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.ഒ. ജോൺ ആണെന്ന് ഉറപ്പാണ്. മൂന്ന് തവണയായി 12 വർഷത്തോളം നഗരസഭ ചെയർമാനായിരുന്നു.
നിലവിൽ ഒരു സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇക്കുറി ആറ് സീറ്റ് പിടിക്കുമെന്നാണ് അവകാശം. കഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ രണ്ടാം സ്ഥാനമുണ്ടായിരുന്നു.
എൻ.സി.പി ഉടക്കിലേക്ക്
ഇടതുമുന്നണിയിൽ നിലവിൽ സി.പി.എമ്മും സി.പി.ഐയും മാത്രമാണുള്ളത്. 26ൽ ആറ് സീറ്റാണ് സി.പി.ഐയ്ക്ക് നൽകുക. കഴിഞ്ഞ തവണ ഒരു സീറ്റ് തിരിച്ചെടുക്കാനുള്ള സി.പി.എം നീക്കം കടുത്ത എതിർപ്പിനെ തുടർന്നാണ് വിഫലമായത്. ഇക്കുറി എൻ.സി.പി തോട്ടക്കാട്ടുകര, ഗവ. ആശുപത്രി കവല വാർഡുകൾ ആവശ്യപ്പെടുന്നുണ്ട്. ഒന്നെങ്കിലും ലഭിച്ചില്ലെങ്കിൽ മുന്നണിക്കെതിരെ പ്രവർത്തിക്കാനാണ് നീക്കം. ജനതാദളും ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സീറ്റ് ചർച്ച നടന്നെങ്കിലും ധാരണയൊന്നുമുണ്ടായിട്ടില്ല.