കളമശേരി: ഏലൂർ ചൗക്ക ഏലൂർ ഫെറിയിൽ നിന്ന് ഏലൂർ മെട്രോയായി മാറാൻ അധികനാളുകൾ കാത്തിരിക്കേണ്ടി വരില്ല. വാട്ടർ മെട്രോ സ്റ്റേഷന്റെ പണി പുരോഗമിക്കുകയാണ് ഇവിടെ. പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കേ അതിരായിരുന്ന ഏലൂരിലെ ചൗക്കയിൽ നിന്ന് മെട്രോയിലേക്കുള്ള ദൂരം നാം അറിയേണ്ടതുണ്ട്.
പേര് വന്ന വഴി
"ഏല " എന്നാൽ വയൽ എന്നർത്ഥമുണ്ട്. എൺപതു ശതമാനം നെൽവയൽ ആയിരുന്നതിനാൽ ഏല+ ഊര് ഏലൂരായി. ഏലുക എന്നാൽ ചേരുക എന്നൊരർത്ഥവുമുണ്ട്. പെരിയാറിന്റെ കൈവഴികൾ വരാപ്പുഴ കായലിൽ ചെന്നു ചേരുന്നതിനാൽ എലുക ഊര് ഏലൂരായി എന്നും പറയാറുണ്ട്. എ ലുക എന്നാൽ അതിര് എന്നർത്ഥവുമുണ്ട്. തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കേ അതിരിന്റെ അപ്പുറം കൊച്ചി രാജ്യം. ചൗക്കയും ചുങ്കം പിരിവുമുണ്ടായിരുന്ന സ്ഥലമായിരുന്നതിനാൽ ചൗക്ക എന്നറിയപ്പെട്ടു. തല ചുമടിറക്കിവയ്ക്കാൻ കരിങ്കല്ലിൽ തീർത്ത അത്താണിയുമുണ്ടായിരുന്നു. ഏലൂർ ,ചേരാനല്ലൂർ,വരാപ്പുഴ കരകളിലേക്ക് യാത്രക്ക് വള്ളങ്ങളായിരുന്നു ആശ്രയം. പിന്നീട് ഫെറി സർവ്വീസായി അതോടെ ഏലൂർ ഫെറിയെന്നായി മാറി.
പണ്ട് ഫെറി സർവ്വീസുമായി ബന്ധപ്പെട്ട് നിരന്തരം സംഘട്ടനങ്ങൾ നടന്നിരുന്നു. കൊലപാതക പരമ്പര തന്നെയുണ്ടായി. ചൗക്ക അധോലോകമായി മാറി. ഭൂമി വില്പനയും വിവാഹാലോചനകളും മുടങ്ങാൻ തുടങ്ങി. പ്രദേശത്ത് ഭീതി തളം കെട്ടി. പിന്നെ, കാലങ്ങൾ പിന്നിട്ടപ്പോൾ ഭീതിയ്ക്ക് അയവു വന്നു.
വ്യവസായ ശാലകളുടെ സുവർണ്ണകാലഘട്ടത്തിൽ രണ്ടു ഫെറി സർവീസുണ്ടായിരുന്നു ഏലൂരിൽ. ജനത്തിരക്കുമായിരുന്നു. മുട്ടാർ പാലവും ചേരാനല്ലൂർ വരാപ്പുഴ പാലവും വന്നതോടെ യാത്രക്കാരുടെ വരവ് കുറഞ്ഞു. ഇന്ന് ഫെറി സർവീസില്ല. വാട്ടർ മെട്രോ വരുമ്പോൾ വീണ്ടും പ്രദേശം സജീവമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ചൗക്കയുടെ സിനിമാബന്ധം
സത്യനും പ്രേംനസീറും ശാരദയുമൊക്കെ അഭിനയിച്ച ത്രിവേണി എന്ന സിനിമയുടെ കൂടുതൽ ഭാഗവും ഷൂട്ട് ചെയ്തത് ഇവിടെയായിരുന്നു. സ്റ്റുഡിയോയ്ക്ക് പുറത്തുള്ള ഔട്ട്ഡോർ ചിത്രീകരണം വളരെ അപൂർവ്വമായിരുന്ന കാലഘട്ടം കൂടിയായിരുന്നു അന്ന്. മണ്ണിലിറങ്ങിയ താരങ്ങളെ കാണാൻ ആളുകൾ പണികളഞ്ഞ്, വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി ചൗക്കയിലേക്കൊഴുകി. മൂന്നു പഞ്ചായത്തുകളിലെ ജനം അവിടെ ദിവസങ്ങളോളം ഉത്സവ ലഹരിയിലായിരുന്നു .