വൈപ്പിൻ : തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തീരദേശ കായലോര പ്രദേശങ്ങളിലെ പ്രധാന പരമ്പരാഗത തൊഴിൽ മേഖലയായിരുന്നു ഒരു കാലത്ത് കയർ വ്യവസായം. തൊണ്ട് മൂടൽ, തൊണ്ട് തല്ലൽ, ചകിരിപിരി, കയർ കെട്ട് എന്നിങ്ങനെയായി പതിനായിരക്കണക്കിനാളുകളാണ് തൊഴിലെടുത്തിരുന്നത്. വ്യവസായത്തിന്റെ പ്രതാപ കാലത്തും ഏറ്റവും കുറഞ്ഞ കൂലി ലഭിച്ചിരുന്ന വിഭാഗമായിരുന്നു കയർ തൊഴിലാളികൾ. ഇവരിൽ നല്ലൊരു വിഭാഗം സ്ത്രീകും. പുലർച്ചെ മുതൽ സന്ധ്യ വരെ പണിയെടുത്താലും പട്ടിണിയും പരിവട്ടവുമായിരുന്നു ഇവർക്ക്.
ജില്ലയിൽ മൂത്തകുന്നം, വാവക്കാട്, മടപ്ലാതുരുത്ത്, മാച്ചാംതുരുത്ത്, കൂട്ടുകാട്, ചെട്ടിക്കാട്, മാല്യങ്കര, പൂയപ്പിള്ളി, പള്ളിപ്പുറം, ചെറായി, കുഴുപ്പിള്ളി, ചെല്ലാനം, കുമ്പളങ്ങി, ഉദയംപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ കയർ സഹകരണ സംഘങ്ങൾ സജീവമായിരുന്നു. ഇവയ്ക്കെല്ലാം സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായിരുന്നു. തൊഴിലാളികൾ തന്നെ സംഘങ്ങളുടെ ഭരണകർത്താക്കളുമായി.
കാലം മാറിയപ്പോൾ പരമ്പരാഗത കയർ വ്യവസായത്തിന്റെ മാറ്റ് കുറഞ്ഞു. കൂടുതൽ കൂലിക്കായി കയർത്തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് ചേക്കേറി. സംഘങ്ങൾ ക്ഷയിച്ചു.
ഒരു കാലത്ത് പത്ത് ലക്ഷത്തോളം പേർ കയർ വ്യവസായത്തിൽ പണിയെടുത്തതാണ്. കുമ്പളങ്ങി പഞ്ചായത്തിൽ മാത്രം 30,000 പേരുണ്ടായിരുന്നു.
700 ൽ പ്പരം സംഘങ്ങൾ പ്രവർത്തിച്ചിരുന്നിടത്ത് ഇപ്പോൾ 300 ഓളം മാത്രമായി. 29 സംഘങ്ങളുണ്ടായിരുന്ന ജില്ലയിൽ ഇപ്പോൾ 14 എണ്ണമാണ് അവശേഷിക്കുന്നത്. 7500 പേർ പണിയെടുത്ത പറവൂർ താലൂക്കിൽ 250 പേരായി ചുരുങ്ങി.
ഇപ്പോഴും ഒരു തൊഴിലാളിയുടെ പ്രതിദിന വരുമാനം 300 രൂപ മാത്രമാണ്. സർക്കാർ നൽകുന്ന 110 രൂപ ഗ്രാന്റ് ഉൾപ്പെടെയാണിത്.
പ്രതീക്ഷ യന്ത്രവത്കരണത്തിൽ
യന്ത്രവൽക്കരണത്തിന്റെ ഭാഗമായി 100 കയർ മെഷീനുകളാണ് സർക്കാർ സ്ഥാപിക്കുന്നത്. മെഷീന് അഞ്ച് ലക്ഷം രൂപയാകും. സംഘങ്ങൾക്ക് സൗജന്യമായാണ് ഇവ നൽകുന്നത്. ഒരു മെഷീനിൽ ഒരേ സമയം പത്ത് പേർക്ക് തൊഴിലെടുക്കാം. മെഷീനിൽ പണിയെടുക്കുന്ന തൊഴിലാളിക്ക് ശരാശരി 500 രൂപ കൂലി ലഭിക്കും.
സ്ത്രീ തൊഴിലാളികളിൽ പലരും മെഷീന്റെ വരവോടെ തിരിച്ചു വരുന്നുണ്ട്. മെഷീനിൽ പണിയെടുക്കാൻ ഇപ്പോൾ അഭ്യസ്തവിദ്യരും അപേക്ഷിക്കുന്നുണ്ട്. ചകിരി ചോറിൽ നിന്ന് വളം, തടി എന്നിവ നിർമ്മിക്കുന്ന പ്ലാന്റ് നവംബറിൽ തുടങ്ങും.
ടി.ആർ ബോസ്
സംസ്ഥാന സെക്രട്ടറി
കേരള കയർ വർക്കേഴ്‌സ് സെന്റർ