gs

കളമശേരി: ജീവിത പ്രതിസന്ധിയിൽ ഒറ്റപ്പെട്ട് തളർന്ന് പോയ രണ്ട് വനിതകൾ. ആകസ്മികമായുള്ള പരിചയം. പിന്നെ പരസ്പരം താങ്ങായി സഹോദരങ്ങളെപ്പോലെ... ആത്മവിശ്വാസവും കഠിനപ്രയത്നവും കൊണ്ട് ജീവിതം തിരികെപ്പിടിച്ച കഥയിലെ രണ്ട് കഥാപാത്രങ്ങളായി.
പിന്നണി ഗായികയും സംഗീത സംവിധായികയുമായ സോണി സായിയും കായിക താരവും അഭിനേത്രിയുമായ ഗീത വി. മേനോനും ഇന്ന് ഒരു വീട്ടിൽ കുടുംബാംഗങ്ങളുമൊത്ത് സന്തോഷത്തോടെ കഴിയുന്നു.

എട്ട് വർഷം മുമ്പ് പരിചയപ്പെടുമ്പോൾ ദാമ്പത്യപ്രശ്നങ്ങളിൽ ഉഴലുകയായിരുന്നു ഇരുവരും. ഒറ്റപ്പെട്ട അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.

ഗീതയുടെ ബാസ്ക്കറ്റ് ബോൾ പരിശീലന ക്യാമ്പിലേക്ക് സോണി രണ്ടു മക്കളേയും കൊണ്ടുവന്നപ്പോഴുണ്ടായ പരിചയമാണ് ആത്മാർത്ഥ സൗഹൃദത്തിലേക്ക് നയിച്ചത്.

ജീവിതത്തെ പോരാട്ടമായി കണ്ടവർക്ക് പരസ്പരം പെട്ടെന്ന് തന്നെ മനസിലായി. ഏലൂരിലെ ഗീതയുടെ ക്വാർട്ടേഴ്സിലാണ് സോണിയും മക്കളും അമ്മയും വന്നു.

ഒരു കുടുംബം പോലെ വാസം. സോണിയുടെ മക്കൾ ഗീതയ്ക്കും മക്കൾ. പരിഭവമില്ല പരാതിയുമില്ല. കണക്കുപറയലുകളില്ല. എല്ലാം പരസ്പരം അറിഞ്ഞ് ചെയ്യും.

സോണി സായി രാജസ്ഥാൻകാരിയാണ്. സംഗീതത്തിൽ അമ്മ അംബികാ ഭായിയാണ് ഗുരു. സംഗീതത്തിൽ ബിരുദവും ഡിപ്ലോമയുമുണ്ട്. മലയാളത്തിൽ 27 ചലച്ചിത്രഗാനങ്ങൾ പാടി. കന്നട, തെലുങ്കു ,തമിഴ് ഗാനങ്ങൾ പുറമേ. 50 ഗാനങ്ങൾ മൊഴി മാറ്റ സിനിമയിലുമുണ്ട്. 'ബോംബെ മാർച്ച് 12 ' സിനിമയിൽ എം.ജി.ശ്രീകുമാറുമൊത്ത് പാടിയ ഓണ വെയിൽ ഓളങ്ങളിൽ ..:::..സോനു നിഗവുമൊത്തു പാടിയ ചക്കരമാവിൻ കൊമ്പത്ത് .... "നിദ്ര' യിലെ കൂടുമാറി പോകും....... തുടങ്ങിയവ ഹിറ്റായി.

കായിക താരമായ ഗീത ജൂനിയർ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കുപ്പായമണിഞ്ഞിട്ടുണ്ട്. ഫാക്ടിന്റെ ടീമംഗമായാണ് ജോലിയിൽ പ്രവേശിച്ചത്. ഏഷ്യൻ അത്‌ലറ്റിക് മീറ്റിലും വേൾഡ് മാസ്റ്റേഴ്‌സ് മീറ്റിലും മെഡലുകൾ നേടി. പരസ്യചിത്രത്തിലും ഷോർട്ട് ഫിലിമിലും അഭിനയിച്ചു.

കുടുംബമെന്ന സുരക്ഷിതത്വം ചെറിയ കാര്യമല്ല. ഒറ്റപ്പെടലിന്റെ വേദനയില്ല. ചില ബന്ധങ്ങൾക്ക് രക്തബന്ധങ്ങളേക്കാൾ ദൃഢതയുണ്ടാകും. സോണിയും ഗീതയും പറയുന്നു.