കൊച്ചി: അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി സാക്ഷരത പ്രേരക്മാരുടെ ''പ്രതിഷേധകൂട്ടായ്മ''. പത്തനംതിട്ട ആറന്മുള പഞ്ചായത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന ശിവരാജന്റെ (45) കുടുംബത്തിനാണ് പ്രേരക്മാരുടെ കൂട്ടായ്മ തങ്ങളാലാകുന്ന ചെറിയതുക സമാഹരിച്ച് നൽകിയത്. വർഷങ്ങളായി ജോലിചെയ്യുന്നൊരാൾ ആകസ്മികമായി മരണപ്പെട്ടിട്ടും സാക്ഷരതാമിഷൻ യാതൊരുസഹായവും ചെയ്യാത്തതിലുള്ള അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുക കൂടിയായിരുന്നു ഇത്. പ്രേരക്മാർ വാട്സ് ആപ്പ് കൂട്ടായ്മവഴി വിഷയം ചർച്ചചെയ്തശേഷം സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് സഹപ്രവർത്തകന്റെ കുടുംബത്തെ സഹായിക്കുകയായിരുന്നു. മനസ് ഉണ്ടായിട്ടും കഴിവില്ലാത്തതുകൊണ്ട് വലിയൊരുതുക സമാഹരിക്കാനായില്ലെന്ന പരിഭവമുണ്ടെങ്കിലും പാവപ്പെട്ട കുടുംബത്തിന് രണ്ട് മാസത്തേക്ക് അന്നംമുട്ടാതിരിക്കാനുള്ള വക നൽകനായതിൽ സന്തോഷമുണ്ടെന്ന് പ്രേരക്മാർ പറഞ്ഞു.
22 വർഷത്തിലേറെയായി ആറന്മുള പഞ്ചായത്തിലെ തുടർ വിദ്യാകേന്ദ്രത്തിൽ ജോലിചെയ്യുന്ന ശിവരാജന് മരണസമയത്തും മൂന്നുമാസത്തെ ശമ്പളം കുടിശികയിരുന്നു. മാതാവും ഭാര്യയും വിദ്യാർത്ഥികളായ രണ്ടുപെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശിവാജൻ. 2018 ലെ പ്രളയകാലത്ത് നഷ്ടപ്പെട്ട വീട് പുതുക്കിപ്പണിയാൻ പോലും എവിടെനിന്നും സഹായം ലഭിച്ചില്ല. മൂന്ന് ലക്ഷംരൂപ വായ്പഎടുത്ത് തട്ടിക്കൂട്ടിയ വീടിന്റെ കടംതീരുന്നതിന് മുമ്പാണ് കുടുംബനാഥൻ യാത്രയായത്. ഇത്രയേറെ പരിതാപകരമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന പിന്നാക്ക വിഭാഗ കുടുംബത്തിന്റെ അവസ്ഥയിൽ എന്തെങ്കിലും ചെയ്യണമെന്നചിന്തയിലാണ് പ്രേരക്മാർ മുന്നിട്ടിറങ്ങിയത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സർക്കാർ ജീവനക്കാർക്കുള്ള എല്ലാ സേവന വ്യവസ്ഥകളും ബാധകമായിട്ടുള്ള പ്രേരക്മാർക്ക് വേതനം കൃത്യമായി ലഭിക്കാറില്ല. യാത്രപ്പടിയുൾപ്പെടെ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. പെൻഷൻ പ്രായമാകുമ്പോൾ വിരമിക്കുന്നവർ വെറും കൈയോടെയാണ് പടിയിറങ്ങുന്നത്. അകാലത്തിൽ പൊലിയുന്നവരുടെ കുടുംബങ്ങൾ പട്ടിണിയിലായാലും സാക്ഷരതമിഷൻ തിരിഞ്ഞുനോക്കാറുമില്ല.
'' സ്ഥാനപ്പേരുകൊണ്ട് സാക്ഷരത പ്രേരക് ആണെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഗ്രാമസഭ പ്രവർത്തനം ഉൾപ്പെടെ നിരവധി ജോലികൾ ചെയ്യിക്കും.അതിനുപുറമെ സാക്ഷരതാമിഷൻ കാലാകാലങ്ങളിൽ നിർദേശിക്കുന്ന ജോലികളും സമയബന്ധിതമായി പൂർത്തിയാക്കണം. എന്നിട്ടും മാസംതോറും കൃത്യമായ വേതനമൊ വിരമിക്കൽ ആനുകൂല്യങ്ങളൊ ലഭിക്കാറില്ലെന്ന ഗതികേടിലാണ് സംസ്ഥാനത്തെ 2000 ൽപ്പരം വരുന്ന പ്രേരക്മാർ. ഇന്ന് ശിവരാജന് നേരിട്ട ദുരന്തം നാളെ ഞങ്ങളിൽ ആർക്കും വരാമെന്ന ആശങ്കയുണ്ട്.''
കെ.ജി.ഷൈജ.
ർനോഡൽ പ്രേരക്
കൊച്ചിൻ കോർപ്പറേഷൻ