കോലഞ്ചേരി: മൺകലവും കറിച്ചട്ടികളുമെല്ലാം ഇപ്പോൾ അടുക്കളയിലെ താരങ്ങളാണ്. മലയാളികളുടെ പഴമയിലേക്ക് തിരിച്ചു പോക്കിന്റെ ഭാഗമായാണ് ഇവയെല്ലാം അടുക്കളയിൽ വീണ്ടും സ്ഥാനം പിടിച്ചത്. നാടൻ സ്വാദിനും ആരോഗ്യ സംരക്ഷണത്തിനുമായി റോഡരികിൽ നിന്നും മൺപാത്രങ്ങൾ വാങ്ങുമ്പോൾ സൂക്ഷിക്കണം. വില്പനയ്ക്ക് വിച്ചിരിക്കുന്ന മൺപാത്രങ്ങളെല്ലാം കളിമണ്ണിൽ നിർമ്മിച്ചവയല്ല !
കളിമണ്ണല്ല, കൂട്ട് മണ്ണ്
പ്രത്യേകതരം മണ്ണിൽ റെഡ് ഓക്‌സൈഡുകളും നിറങ്ങളും ചേർത്താണ് മണൺചട്ടികളുടെ നിർമ്മാണം. അന്യസംസ്ഥാനങ്ങളിൽ മെഷിന്റെ സഹായത്തോടെ നിർമ്മിക്കുന്ന ഇത്തരം പാത്രങ്ങൾ പിന്നീട് കേരളത്തിൽ എത്തിക്കുകയാണ് ചെയ്യുന്നത്.മലയാളികളെ ആകർഷിക്കുന്ന കച്ചവട തന്ത്റത്തിന്റെ ഭാഗമായാണ് കൃത്രിമ നിറം കലർത്തിയുള്ള ഇത്തരം മൺപാത്ര നിർമ്മാണം. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും വഴിയരികിൽ അന്യസംസ്ഥാനക്കാരായി നിരവധിപേർ ഇത്തരം ഉത്പന്നങ്ങൾ എത്തിച്ച് വില്പന നടത്തുന്നുണ്ട്.
കിട്ടും നാടൻ മൺപാത്രം
അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മൺപാത്രങ്ങൾ കഴുകിയാൽ കൃത്രിമ നിറം ഇളകുന്നതും കാണാം. ഇത്തരം പാത്രങ്ങൾ അലുമിനിയവും മറ്റുമുണ്ടാക്കുന്നതിനേക്കാൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. പരമ്പരാഗതമായി മൺ പാത്രങ്ങളുണ്ടാക്കുന്നവരിൽ നിന്നും ചട്ടികളും കലവും വാങ്ങി ഉപയോഗിക്കുകയാണ് തടികേടാകാതിരിക്കാനുള്ള ഏക പോംവഴി.
അതേസമയം യഥാർത്ഥ മൺപാത്രങ്ങൾ ഇത്ര വില കുറച്ച് വില്ക്കാനാകില്ല.
മുതലെടുത്ത് അലുമിയപ്പേടി
അടുക്കളയിലെ അലുമിനിയവും, നോൺ സ്റ്റിക് പാത്രങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് മലയാളീസ് മൺപാത്രങ്ങളിലേക്ക് മടങ്ങിയത്. ഇത് മുതലെടുത്താണ് അന്യസംസ്ഥാന കച്ചവട സംഘങ്ങൾ വില്പന പൊടിപൊടിക്കുന്നത്.വിലക്കിഴിവിൽ തട്ടിക്കൂട്ട് മൺപാത്രങ്ങൾ വാങ്ങി അടുക്കളയിൽ എത്തിച്ചാണ് അലുമിനിയപ്പേടി ഒഴിവാക്കിയത്.