university

 വി.സി നിയമനത്തിനെതിരായ ഹർജി പിൻവലിച്ചു

കൊച്ചി : കേരളത്തിലെ മറ്റു സർവകലാശാലകളിൽ നിന്ന് ശ്രീനാരായണഗുരു ഒാപ്പൺ സർവകലാശാലയിലേക്ക് വിദ്യാർത്ഥികളെയും ജീവനക്കാരെയും മാറ്റുന്നതിനുള്ള വിലക്ക് തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒാപ്പൺ സർവകലാശാലയ്ക്ക് യു.ജി.സിയുടെ അംഗീകാരം ലഭിക്കുന്നതുവരെ വിലക്ക് തുടരാനാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.

ഒാപ്പൺ സർവകലാശാലയുടെ ആദ്യ വി.സിയായി പി.എം. മുബാറക്കിനെ നിയമിച്ചതിനെതിരെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. പി. ജെ. റോമിയോ നൽകിയ ഹർജി പിൻവലിച്ചു. റിട്ട് ഹർജിയായി ഇൗ ആവശ്യം ഉന്നയിക്കാനാവില്ലെന്നതിനാൽ പുതിയ ഹർജി നൽകാൻ അനുമതി വാങ്ങിയാണ് ഹർജിക്കാരൻ ഹർജി പിൻവലിച്ചത്.

യു.ജി.സിയുടെ അനുമതിയില്ലാതെയാണ് ശ്രീനാരായണഗുരു ഒാപ്പൺ സർവകലാശാലയിൽ കോഴ്സുകൾ തുടങ്ങുന്നതെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശി കെ.ആർ. അശോക്‌കുമാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ഒാപ്പൺ സർവകലാശാലയ്ക്കു വേണ്ടിയുള്ള അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യു.ജി.സി വ്യക്തമാക്കി. യു.ജി.സിയുടെ അംഗീകാരത്തിനുവേണ്ടി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും സർക്കാർ സത്യവാങ്മൂലം നൽകിയിട്ടില്ല. ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.