പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ നാലാം വാർഡിലെ കുളക്കുന്നേൽ കുമ്പളത്തോട് റോഡിന് വനം വകുപ്പ് എൻ.ഒ.സി നൽകാത്തതിനാൽ റോഡ് പണി പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. മേയ്ക്കപ്പാല വനംവകുപ്പ് ഓഫീസിനു മുന്നിലൂടെ പാണിയേലിക്ക് പോകുന്ന റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്.നാല് ലക്ഷത്തി എഴുപതിനായിരം രൂപക്ക് റോഡിന് കരാർ നൽകിയെങ്കിലും വനം വകുപ്പ് എതിർത്തതോടെ റോഡ് പണി ഉപേക്ഷിച്ചു.
റോഡ് ഇല്ലാത്തതിനാൽ അത്യാവശ്യത്തിന് പോലും വാഹനങ്ങൾ ഓട്ടം വരുന്നതിൽ മടികാണിക്കുകയാണ്. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ മൂന്ന് കിലോമീറ്റർ അകലെയുള്ള മേക്കപ്പാലയിലോ, പാണിയേലിയിലോ പോകണം.
കാട്ടാനകളുടെ വിഹാര കേന്ദ്രം
കാട്ടാനകളുടെ വിഹാര കേന്ദ്രമായ ഇവിടെ വഴിവിളക്ക് ഇല്ലാത്തതിനാൽ ജനങ്ങൾ ഏറെ ഭീതിയിലുമാണ്. മുപ്പതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.ആറുമണി കഴിഞ്ഞാൽ ആനശല്യം ഉണ്ടെന്ന് പറഞ്ഞ് വനം വകുപ്പ് അത്യാവശ്യം ഉണ്ടെങ്കിൽ പോലും വാഹനം കടത്തിവിടില്ല.
കുടിവെള്ളക്ഷാമം രൂക്ഷം
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് പഞ്ചായത്ത് ഒരു കുടിവെള്ള ടാങ്ക് സ്ഥാപിച്ച് വേനൽ കാലത്ത് അതിൽ വെള്ളം നിറക്കുകയാണ് പതിവ്. ആവശ്യക്കാർക്ക് ടാങ്കിൽ നിന്നും വെള്ളം ശേഖരിക്കാം. ഒരു കിലോമീറ്റർ അകലെ താമസിക്കുന്നവർ തലച്ചുമടായാണ് വീട്ടാവശ്യത്തിന് വെള്ളം ശേഖരിക്കുന്നത്. വീടുകളിലേക്ക് പൈപ്പ് കണക്ഷൻ നൽകണമെന്നുള്ള നാട്ടുകാരുടെ ആവശ്യം പഞ്ചായത്ത് നടപ്പിലാക്കിയില്ല.
വെൽഫയർ പാർട്ടി പരാതി നൽകി
കുളക്കുന്നേൽ കുമ്പളത്തോട് റോഡ് ഉടൻ നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം തോമസ് കെ. ജോർജ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.