പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. ജനന,മരണ രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ, വിവിധ തരം പെൻഷനുകൾ തുടങ്ങി പഞ്ചായത്തിന്റെ എല്ലാവിധ അപേക്ഷാ ഫോമുകളും വെബ്സൈറ്റിൽ നിന്നും നേരിട്ട് ഡൗൺ ലോഡ് ചെയ്യാനാകും. വാർഡുകൾ തിരിച്ചുള്ള ഏറ്റവും പുതിയ വോട്ടർ പട്ടിക ലഭിക്കും. ചേന്ദമംഗലം പഞ്ചായത്ത് പ്രദേശത്തിന്റെ ആകാശക്കാഴ്ചയുടെ വിഡിയോയും വെബ്സൈറ്റിലൂടെ കാണുവാൻ സാധിക്കും. പഞ്ചായത്തിൽ നടക്കുന്ന വാർത്തകൾ ദിനംപ്രതി വെബ് സൈറ്റ് വഴി പ്രസിദ്ധീകരിക്കും. പ്രധാന പരിപാടികളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടാകും. അതാതു നിർവഹണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങളും അംഗങ്ങലുടെ ഫോണിൽ നമ്പറുകളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. www.chendamangalampanchayath.com വെബ്‌സൈറ്റിന്റെ വിലാസം. ജില്ലയിൽ ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് ടൂറിസം, പരമ്പരാഗത വ്യവസായം എന്നിവയുടെ വികസനം മുൻനിറുത്തി വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വെബ്സൈറ്റ് ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിതാ സ്റ്റാലിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.എം. ഇസ്മായിൽ, ലീന വിശ്വൻ, ടി.പി. ജസ്റ്റിൻ, സെക്രട്ടറി സിന്ധു മോൾ എന്നിവർ പങ്കെടുത്തു.