eranakulathappan-ticket

കൊച്ചി:കൊവിഡ് കാലത്ത് ക്ഷേത്രോത്സവങ്ങളും അനിശ്ചിതത്വത്തിൽ. എങ്കിലും ജില്ലയിലെ പ്രമുഖ ക്ഷേത്രക്കമ്മിറ്റികൾ ഉത്സവ ഒരുക്കങ്ങളിലാണ്.മദ്ധ്യകേരളത്തിലെ ഉത്സവരാവുകൾക്ക് തുടക്കം കുറിക്കേണ്ട ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ വൃശ്ചികോത്സവം ഈ മാസം 17 നാണ് കൊടിയേറുക. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എങ്ങിനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് കൊച്ചിൻ ദേവസ്വം ബോർഡും, ക്ഷേത്ര ഉപദേശക സമിതിയും, ഭക്തജനങ്ങളും.

ആചാരപ്രധാനമായ വൃശ്ചികോത്സവത്തിന് ഒട്ടേറെ ചടങ്ങുകളും പതിനഞ്ച് ആനപ്പുറത്ത് എഴുന്നള്ളിപ്പും ഇതുവരെ മുടങ്ങിയിട്ടില്ല. ഇക്കുറിയും അത് നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

• അഞ്ചിന് തിരുവനന്തപുരത്ത് ചർച്ച

എഴുന്നള്ളിപ്പിനെ കൊവിഡ് നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കുന്ന കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാനായി നവംബർ അഞ്ചിന് തിരുവനന്തപുരത്ത് ദേവസ്വം, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെയും അന്ന് തന്നെ കാണുമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പ്രകാശ് അയ്യർ പറഞ്ഞു.

• ചടങ്ങുകളും കലാപരിപാടികളും മുടങ്ങില്ല

പരിമിതമായ ഭക്തരെ അനുവദിച്ച് ചടങ്ങുകൾ കീഴ്‌വഴക്കങ്ങൾ അനുസരിച്ച് തന്നെ നടത്താനാണ് നീക്കം. കലാപരിപാടികളും പതിവുപോലെ ഉൗട്ടുപുരയിൽ അരങ്ങേറും. ഓൺലൈനിൽ ലൈവായി ഇത് സംപ്രേഷണം ചെയ്യും. തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ ചെണ്ടമേളങ്ങൾ എങ്ങിനെ നടത്താനാകുമെന്ന് മേളപ്രമാണിയായ പെരുവനം കുട്ടൻ മാരാരുമായി ചർച്ചകൾ നടത്തുകയാണ്. പ്രായ നിയന്ത്രണമുള്ളതിനാൽ മുതിർന്ന മേളവിദ്വാന്മാരെ ഒഴിവാക്കിയാകും പരിപാടികൾ സംഘടിപ്പിക്കേണ്ടി വരിക.

ഉത്സവാഘോഷകമ്മിറ്റികൾ സജീവമാണ്. പിരിവും ആരംഭിച്ചു. ഒന്നേകാൽ കോടി ബഡ്ജറ്റിലാണ് വൃശ്ചികോത്സവം നടത്താറ്. ഇക്കുറിയും അങ്ങിനെ തന്നെ. ആഘോഷം കുറയ്ക്കേണ്ടി വന്നാൽ വരുന്ന ഉത്രംവിളക്ക് ഉത്സവം പകിട്ടോടെ നടാത്താനാണ് തീരുമാനം.

എറണാകുളം ശിവക്ഷേത്രവും ഒരുക്കം തുടങ്ങി
ജനവരി 19ന് ആരംഭിക്കുന്ന എറണാകുളത്തപ്പന്റെ ഉത്സവത്തിനും ഒരുക്കങ്ങൾ നടക്കുകയാണ്.

സംഭാവന പിരിവിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ഗോപിനാഥമേനോൻ നിർവ്വഹിച്ചു. പതിവുപോലെ തന്നെയാണ് ഒരുക്കങ്ങൾ. ജനുവരിയോടെ കൊവിഡ് നിയന്ത്രണങ്ങൾ മാറുമെന്നാണ് പ്രതീക്ഷ.

രാജേന്ദ്രപ്രസാദ്

പ്രസിഡൻ്റ്

എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി

* ഉത്സവ വേളയിൽ ശബരിമല മാതൃകയിൽ വെർച്വൽ ക്യൂ സംവിധാനം ഒരുക്കാനും തയ്യാറാണ്. ഇതിനുള്ള അനുമതിക്കായും ശ്രമിക്കുന്നുണ്ട്. മണിക്കൂറിൽ 100 പേർക്ക് പ്രവേശനമാണ് ഉദ്ദേശിക്കുന്നത്.

പ്രകാശ് അയ്യർ

പ്രസിഡന്റ്

പൂർണ്ണത്രയീശക്ഷേത്ര

ഉപദേശക സമിതി

ചെറായി പൂരം ഉണ്ടാകില്ല

വൈപ്പിൻ: ജില്ലയിലെ ഏറ്റവും വലിയ പൂരമായ ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെ പൂരം ഇത്തവണ ഉണ്ടാകില്ല. ആചാരങ്ങളനുസരിച്ചുള്ള എല്ലാ ഉത്സവച്ചടങ്ങുകളും നടക്കും. ജില്ലയിൽ ഏററവും കൂടുതൽ ഉത്സവപ്രേമികൾ ഒത്തുകൂടുന്നതാണ് ചെറായിപൂരം. മുമ്പ് 30 ആനകളെവരെ പൂരത്തിന് അണിനിരത്തുമായിരുന്നു. എന്നാൽ ആനപരിപാലനനിയമം കർശനമായതോടെ 15 ആനകളെയാക്കി ചുരുക്കിയി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പൂരം ഒഴിവാക്കുന്നത്. പ്രസാദഊട്ട്, കാവടിഘോഷയാത്ര കലാപരിപാടികൾ, തൈപ്പൂയ ദിവസത്തെ കാവടിഘോഷയാത്രകൾ എന്നിവ ഇത്തവണ ഒഴിവാക്കും. കൊടിയേറ്റം, പറയെടുപ്പ്, പള്ളിവേട്ട, ആറാട്ട് എന്നിവയ്ക്ക് തടസമുണ്ടാവില്ല. ജനുവരി 29നാണ് ആറാട്ട് മഹോത്സവം. കൊവിഡ് നിയന്ത്രണങ്ങൾ സർക്കാർ ഒഴിവാക്കുന്ന സാഹചര്യമുണ്ടായാൽ പൂരം പതിവുപോലെ നടത്തുമെന്ന് ക്ഷേത്രഭാരവാഹികൾ സൂചിപ്പിച്ചു.