udf

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായത് ഉൾപ്പെടെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമെന്ന വിലയിരുത്തലിൽ യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുക്കം വേഗത്തിലാക്കി. കൊച്ചി കോർപ്പറേഷൻ ഭരണമുൾപ്പെടെ നിലനിറുത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സാഹചര്യങ്ങൾ യു.ഡി.എഫിനെ തുണയ്ക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സ്വർണക്കടത്ത്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റ്, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ, സർക്കാരിനെതിരായ ജനവികാരം തുടങ്ങിയവർ വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.

കോൺഗ്രസിലെയും മുന്നണിയിലെയും ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമാകാതെ നോക്കാൻ നേതാക്കൾ ശ്രദ്ധിക്കുന്നുണ്ട്.

കൊച്ചി കോർപ്പറേഷൻ ഭരണത്തിൽ മേയർക്കെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും കൗൺസിലർമാരും നടത്തിവന്ന നീക്കങ്ങൾ അവസാനിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. തർക്കം തുടരുന്നത് ഭരണത്തുടർച്ചക്ക് തടസമാകുമെന്ന വാദം ഭൂരിപക്ഷം നേതാക്കളും ഉന്നയിക്കുന്നുണ്ട്.

ഘടകകക്ഷികളുമായി സീറ്റ് ചർച്ചകൾ കോൺഗ്രസ് ആരംഭിച്ചു. ജില്ലാതലത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നാളെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് തലത്തിലുള്ള സീറ്റ് വിഭജന ധാരണകൾ അഞ്ചിന് മുമ്പും പൂർത്തിയാക്കും.

കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം പ്രാഥമികചർച്ചകൾ ആരംഭിച്ചു. സീറ്റ് വിഭജനത്തിൽ കഴിയുന്നത്ര തൽസ്ഥിതി തുടരാനാണ് തീരുമാനം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിലേയ്ക്ക് വന്ന കക്ഷികൾക്കും അർഹമായ പരിഗണന നൽകും.

ജോസ് കെ. മാണി പക്ഷം എൽ.ഡി.എഫിലേയ്ക്ക് ചേക്കേറിയത് കാര്യമായ ദോഷം ചെയ്യില്ലെന്ന വിലിയിരുത്തലിലാണ് നേതാക്കൾ. കെ.എം. മാണിയുമായി അടുപ്പം പുലർത്തിയരുന്നവർ നിലവിൽ പി.ജെ. ജോസഫ് പക്ഷത്താണ്. മാണി ഗ്രൂപ്പിന്റെ മുൻ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ജോസഫ് പക്ഷത്താണ്. ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം, അങ്കമാലി മേഖലകളിൽ കേരള കോൺഗ്രസിന് സ്വാധീനമുണ്ട്. ജോസ് കെ. മാണിക്കൊപ്പം നിലയുറപ്പിച്ചവർ ഇവിടങ്ങളിൽ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ വലിയ നഷ്ടത്തിന് സാദ്ധ്യതയില്ലെന്ന് ജോസഫ് വിഭാഗവും കരുതുന്നു.

യു.ഡി.എഫ് യോഗത്തിൽ ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, എൻ. വേണുഗോപാൽ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ്, അബ്‌ദുൾ ഗഫൂർ, ഇ.എം. മൈക്കിൾ, പി. രാജേഷ്, ടി.ആർ. ദേവൻ, ജോർജ് സ്റ്റീഫൻ, ഡൊമിനിക് കാവുങ്കൽ എന്നിവർ പങ്കെടുത്തു.