കാലടി: എൻജിനിയറായ ആർ. ദർശക് മുത്തച്ഛന്റെയും പിതാവിന്റെയും പൊലീസ് വഴിയിലേക്കെത്തുന്നു. കാലടി തെങ്ങനാൽ വീട്ടിൽ ടി.എൻ. രാജന്റെ മകൻ ദർശക് കഴിഞ്ഞ ആഴ്ചവരെ അങ്കമാലി ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്കൂ ഓഫീസറായിരുന്നു. ഫയർഫോഴ്സിൽ നിന്ന് പൊലീസ് സേനയിലെക്കുള്ള ഈ കൂടുമാറ്റം ഈ യുവാവിന്റെ സ്വപ്നസാഫല്യം കൂടിയാണ്. രാജനും പിതാവും പൊലീസ് ഓഫീസർമാരായിരുന്നു.
ഫയർഫോഴ്സിൽ ജോലിലഭിച്ചപ്പോഴും ദർശക് പൊലീസ് മോഹം വിട്ടില്ല. ഒഴിവുസമയങ്ങൾ പഠനത്തിനായി നീക്കിവച്ചു. പി.എസ്.സി പരീക്ഷകൾ മുടക്കമില്ലാതെ എഴുതിക്കൊണ്ടിരുന്നു. ഒടുവിൽ ദർശക് മനസിൽ പ്രതീക്ഷിച്ച പൊലീസ് ഓഫീസറുടെ ജോലിക്കുള്ള ഉത്തരവ് തേടിയെത്തി. പരിശീലനത്തിനായി കഴിഞ്ഞദിവസം തൃശൂർ പോലീസ് അക്കാഡമിയിൽ പ്രവേശിച്ചു. ഇനി ഒരു വർഷത്തോളം കഠിനപരിശീലനം.
2017ൽ ആണ് ആദ്യമായി കാക്കിയണിഞ്ഞത്. ഫയർമാനായുള്ള സർവീസിനിടയിൽ ഒരുപാട് ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. നീന്തലിൽ സമർത്ഥനായ ദർശക് പുഴയിലും കുളത്തിലും അകപ്പെട്ട നിരവധിപേർക്ക് പുതുജീവനേകിയിട്ടുണ്ട്.
കാലടി ബ്രഹ്മാനന്ദോദയം സ്കൂളിലെ സംസ്കൃത അദ്ധ്യാപികയായ പി.വി. ജയശ്രീയാണ് അമ്മ. അമലശ്രീ മേനോനാണ് ഭാര്യ. കാലടി ബ്രഹ്മാനന്ദോദയം സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദർശക്, തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിൽ നിന്നാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിരുദമെടുത്തത്.