കൊച്ചി: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 2018 ൽ നിർമ്മാണം ആരംഭിച്ച 63 ഭവനങ്ങളിൽ പണി പൂർത്തിയായ 23 വീടുകളുടെ താക്കോൽ ദാന ചടങ്ങ് ഇന്ന് രാവിലെ 11 ന് എറണാകുളം ടൗൺഹാളിൽ നടക്കും. നേവൽ ബേസിലെ ഗാർഹിക തൊഴിലാളികൾക്കാണ് വീട് ലഭിക്കുന്നത്. വാടക കൊടുക്കാതെ നേവൽബേസിൽ താമസിക്കാൻ ഇടം കിട്ടുമെങ്കിലും നിർദ്ധനരായ ഇവർക്ക് സ്വന്തമായി കൂരകെട്ടിപ്പടുക്കുന്നതിന് സാധിക്കുമായിരുന്നില്ല. ഇക്കാര്യം വാർത്തയായതോടെ 29, 30 ഡിവിഷനുകളിലെ താമസക്കാരായ ഈ 120ഓളം കുടുംബങ്ങളെ സഹായിക്കാൻ കൗൺസിലർമാർ മുന്നിട്ടിറങ്ങി. 2009- 2010 കാലത്ത് വേങ്ങൂർ ഗ്രാമ പഞ്ചായത്തിൽ ഇ.എം.എസ്. ഭവന പദ്ധതി പ്രകാരമുള്ള സബ്‌സിഡി തുക ഉപയോഗിച്ച് എല്ലാ ഉപഭോക്താക്കളും ചേർന്ന് രണ്ട് ഭാഗങ്ങളിലായി ഒന്നര ഏക്കറോളം സ്ഥലം വാങ്ങി.എന്നാൽ പിന്നീട് വന്ന ബി.എസ്.യു.പി, പി.എം.എ.വൈ ഭവനപദ്ധതികൾ പ്രകാരം നഗരപ്രദേശങ്ങളിൽ മാത്രമേ വീട് നിർമ്മിക്കാൻ അനുമതിയുള്ളു എന്നുവന്നതോടെ കഴിഞ്ഞ പത്ത് വർഷമായി ഇവരെ ഒരു ഭവന പദ്ധതിയിലും ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.
23 വീടുകളുടെ താക്കോൽ ദാന ചടങ്ങ് ഇന്ന്
2018 ലെ ലൈഫ് ഭവന പദ്ധതി മാർഗരേഖ പ്രകാരം നഗരത്തിലെ ഗുണഭോക്താക്കൾക്ക് പഞ്ചായത്തിലാണ് സ്ഥലമെങ്കിൽ ഭവനത്തിനുള്ള തുക അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ഭൂമിയുള്ള ഭവന രഹിതരായ ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം തുക നൽകുന്നതിന് ഡിവിഷൻ കൗൺസിലർ ഷാകൃതയുടേയും ഗുണഭോക്താക്കളുടേയും അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്ലാൻ ഫണ്ടിൽ പദ്ധതി രൂപീകരിക്കുകയും ചെയ്തു. വേങ്ങൂരിൽ ഭൂമി വാങ്ങിയ സ്ഥലത്ത് വീടു നിർമ്മിക്കുന്നതിന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഘട്ടം ഘട്ടമായി തുക അനുവദിച്ചു. ആകെ. 63 പേർക്ക് കരാർ വച്ച് തുക നൽകിയിട്ടുണ്ട്. ഇതിൽ 23 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം പൂർത്തിയായി.ഇതിന്റെ താക്കോൽ ദാന ചടങ്ങാണ് നാളെ നടക്കുന്നത്.
2018 ൽ തറക്കല്ലിട്ടു
മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു, വേങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി എം.എ. എന്നിവർ സംയുക്തമായി 2018 ജൂലായ് 25 ന് നിർമ്മാണോദ്ഘടനം നിർവഹിച്ചു. 420 ചതുരശ്ര വിസ്തീർണ്ണമുള്ള വീട്ടിൽ രണ്ട് മുറി. അടുക്കള, ഹാൾ എന്നിവ ഉണ്ട്. ആകെ രണ്ട് കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.