-malsyabhavan-
കാടുപിടിച്ചു കിടക്കുന്ന ചെട്ടിക്കാട്ടെ മത്സ്യഭവൻ കെട്ടിടം.

പറവൂർ: മത്സ്യത്തൊഴിലാളികളുടെ സേവനം ലക്ഷ്യമാക്കി ലക്ഷങ്ങൾ ചെലവു ചെയ്ത് നിർമ്മിച്ച ചെട്ടിക്കാട് മത്സ്യഭവൻ കെട്ടിടം കാടുകയറി ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി. ഇന്നിത് ഇഴജന്തുക്കളുടേയും തെരുവു നായ്ക്കളുടേയും ആവാസ കേന്ദ്രമാണ്. മത്സ്യത്തൊഴിലാളികൾ കൂടുതലുള്ള പ്രദേശത്ത് മത്സ്യഭവൻ ഉണ്ടാകുന്നത് തൊഴിലാളികൾക്ക് ഗുണകരമാണ്. ഈ പ്രദേശത്തുള്ളവർ ഇന്ന് കിലോമീറ്റർ അകലെയുള്ള പറവൂരിലെ ഓഫീസിനെയാണ് ആശ്രയിക്കുന്നത്. മത്സ്യഭവൻ തുടങ്ങാൻ സാധിക്കുന്നില്ലെങ്കിൽ ചെട്ടിക്കാടുള്ള ഹോമിയോ ആശുപത്രി ഇവിടെയ്ക്ക് മാറ്റണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തിയിട്ടുണ്ട്. ക്ലീൻ കേരള മിഷനുമായി ബന്ധപ്പെട്ട് വടക്കേക്കര പഞ്ചായത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള ഓഫീസാക്കാനും പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്.വെറുതെ കിടന്നിരുന്ന കെട്ടിടത്തിൽ വർഷങ്ങൾക്ക് മുമ്പ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. എന്നാൽ പിന്നീട് അതും നിലച്ചു. വർഷങ്ങളായി ആരും തിരിഞ്ഞു നേക്കാതെയായതോടെ കാടുകയറി കെട്ടിടം നാശിക്കുകയാണ്.

ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തിച്ചില്ല

രണ്ടു പതിറ്റാണ്ടു മുമ്പാണ് വടക്കേക്കര പഞ്ചായത്തിലെ മത്സ്യത്തൊഴിലാളിക്കൾക്ക് ആവശ്യമായ സേവനങ്ങൾക്ക് തീരദേശ മേഖലയിൽ തന്നെ മത്സ്യഭവൻ നിർമ്മിച്ചത്. ഇതിനാവശ്യമായ സ്ഥലം ചെട്ടിക്കാട് പള്ളിയാണ് സൗജന്യമായി നൽകിയത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനം തുടങ്ങിയില്ല.