കൊച്ചി: വിശപ്പാണ് പ്രശ്നമെങ്കിൽ അന്നദാനപ്പെട്ടിക്കരുകിലേക്ക് വരൂ. കണ്ണാടിച്ചില്ലിട്ടുമറച്ച പെട്ടിക്കുള്ളിലെ ഭക്ഷണപ്പൊതി നിങ്ങൾക്കുള്ളതാണ്. അടുത്തുകാണുന്ന പെഡലിൽ കാൽവിരലുകൊണ്ടൊന്ന് അമർത്തുകയേ വേണ്ടു. ബോക്സിനുള്ളിൽ നിന്ന് ഒരുപൊതി ചോറ് കൈകളിലെത്തും.
തൃശൂരിലെ ഐ.എൻ.എ എന്ന സന്നദ്ധസംഘടനയുടെ ഭാഗമായ ''കരുതൽ'' വനിതാ കൂട്ടായ്മയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്നദാനപ്പെട്ടി സ്ഥാപിക്കുന്നത്. കൊവിഡ് കാലത്തെ തൊഴിൽ പ്രതിസന്ധിയും വരുമാനക്കുറവും കാരണം ഉച്ചഭക്ഷണമില്ലാതെ നടക്കുന്നവർ ധാരാളമുണ്ട്. നേരത്തെ കടത്തിണ്ണകളിലും മരചുവട്ടിലുമൊക്കെ അന്തിയുറങ്ങുന്ന നിരവധി അനാഥരെയും മാനസികരോഗികളെയും അജ്ഞാതരായ ആരൊക്കെയൊ ഊട്ടാറുണ്ടായിരുന്നു. എന്നാൽ കൊവിഡ് കാലത്ത് ഈരീതിയും ഏതാണ്ട് പൂർണമായും അവസാനിച്ചു. തെരുവിന്റെ സന്തതികൾ വിശന്നുവലയുകയാണ്. മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടാനുള്ള വിഷമം കാരണം ആരോടും പരിഭവമില്ലാതെ അവർ പട്ടിണികിടക്കും. അത്തരം ആളുകൾക്ക് ഭക്ഷണം നൽകുകയെന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് വനിത കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
പൊതിച്ചോറും അന്നദാനപ്പെട്ടിയും
ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ, എന്നിവയോട് ചേർന്ന് പൊതുസ്ഥലത്ത് ശുചിത്വമുള്ള പെട്ടികൾ സ്ഥാപിക്കും. സമീപത്തെ ഹോട്ടലിൽ നിന്നാകും ഭക്ഷണപ്പൊതി എത്തിക്കുന്നത്. ഒരുപൊതി ചോറിന് 30 രൂപവീതം ഹോട്ടലുകൾക്ക് പ്രതിഫലം നൽകും. ഒരു പെട്ടിയിൽ 30 പൊതികളാണ് ഉണ്ടാവുക. ഓരോ പ്രദേശത്തും പെട്ടി സ്ഥാപിക്കുന്നതിന് മുന്നോടിയായി സംഘടനയുടെ പ്രവർത്തകർ നേരിട്ടെത്തി പ്രചരണം നടത്തും.
സ്റ്റെയിൻലസ് സ്റ്റീലുകൊണ്ട് നിർമ്മിക്കുന്ന പെട്ടിയുടെ മുൻഭാഗത്ത് ചില്ല് മറയുണ്ടാകും. ഇതിനുള്ളിൽ ഭക്ഷണമുണ്ടോയെന്ന് മനസിലാക്കുന്നതിനാണിത്. കൊവിഡ് കാലമായതിനാൽ കരസ്പർശം ഒഴിവാക്കാനാണ് പെഡൽ.
സുമനസുകൾക്ക് സഹായിക്കാം
അന്നദാനപദ്ധതിയിൽ സഹകരിക്കാൻ താൽപര്യമുള്ളവർക്ക് സംഘടനയുമായി ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.