കൊച്ചി / തിരുവനന്തപുരം: ലഹരി മരുന്ന് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ( ഇ.ഡി) ബംഗളുരു മേഖലാ ഓഫീസിൽ നാലു ദിവസമായി തുടർന്ന ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ഇന്നലെ ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് വിക്‌ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും കുഴപ്പമില്ലെന്ന് വ്യക്തമായതോടെ രണ്ടു മണിക്കൂറിന് ശേഷം ശാന്തിനഗറിലെ ഇ.ഡി ഓഫീസിലേക്ക് മടക്കികൊണ്ടുവന്നു. പിന്നീട് ചോദ്യം ചെയ്യാതെ വിൽസൺ ഗാർഡൻ സ്‌റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി. ഇന്ന് ചോദ്യംചെയ്യൽ തുടരും.ഇന്നലെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ പിന്നിട്ടപ്പോൾ വൈകിട്ട് നാലു മണിയോടെയാണ് നടുവേദനയും വയറുവേദനയും ഉണ്ടെന്ന് ബിനീഷ് അറിയിച്ചത്. ഇ.ഡി ഓഫീസിന്റെ മൂന്നാം നിലയിൽ നിന്ന് ലിഫ്‌റ്റിൽ താഴെയിറക്കിയ ബിനീഷ് ആശുപത്രിയിലേക്ക് പോകാൻ നടന്നാണ് ഇ.ഡിയുടെ കാറിൽ കയറിയത്. വയറിലും നടുവിനും കൈ അമർത്തിയാണ് നടന്നത്. അടുത്തുള്ള ഗവ.വിക്ടോറിയ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. കൊവിഡ് ആശുപത്രിയായതിനാൽ അവിടെ പ്രവേശിപ്പിച്ചില്ല. റഫറൻസ് വാങ്ങി ബിനീഷിനെ നഗരത്തിലെ ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ രണ്ടുമണിക്കൂർ നിരീക്ഷണത്തിനു ശേഷം സ്‌കാനിംഗ് സെന്ററിലെത്തിച്ചു. അവിടേക്കും നടന്നാണ് കയറിയത്. നടുവിന് കുഴപ്പമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. വയറിലെ സ്‌കാനിംഗിലും പ്രശ്‌നങ്ങളൊന്നും കണ്ടില്ല. ഇതോടെയാണ് മടക്കിക്കൊണ്ടുവന്നത്.ആശുപത്രിയിലെത്തിയ സഹോദരൻ ബിനോയ് കോടിയേരിയെയും അഭിഭാഷകരെയും ബിനീഷിനെ കാണാൻ അനുവദിച്ചില്ല. മാദ്ധ്യമങ്ങളെയും കടത്തിവിട്ടില്ല.
33മണിക്കൂർ ചോദ്യം ചെയ്‌തു
ഇന്ന് കസ്റ്റഡി കാലാവധി കഴിയുന്ന ബിനീഷിനെ ഇതുവരെ 33മണിക്കൂറിലേറെ ചോദ്യംചെയ്തു. ലഹരി മരുന്ന് കേസിൽ അറസ്‌റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടിനെ പറ്റിയാണ് ഇന്നലെയും ചോദ്യം ചെയ്‌തത്. മിക്ക ചോദ്യങ്ങളോടും ബിനീഷ് പ്രതികരിച്ചില്ല. ബി കാപ്പിറ്റൽ സർവ്വീസ്, ബി കാപ്പിറ്റൽ ഫോറക്‌സ് ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ രൂപീകരിച്ചത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നുവെന്നാണ് ഇ.ഡിയുടെ സംശയം. ഇതേപറ്റി വിശദമായി ചോദിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചത്.
അനൂപിന് ലഹരി മരുന്ന് ഇടപാടിനായി ബിനീഷ് ലക്ഷങ്ങൾ നൽകിയെന്ന സംശയത്തെ തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്. അവരും ചോദ്യം ചെയ്യലിന്റെ ഭാഗമായി. അടുത്ത ദിവസം ഈ കേസിലും ബിനീഷിനെ പ്രതിയാക്കുമെന്ന സൂചനയുണ്ട്. ഇ.ഡിയുടെ കസ്‌റ്റഡി പൂർത്തിയാക്കുന്ന മുറയ്ക്കായിരിക്കും നടപടികൾ.അനൂപിന്റെ അക്കൗണ്ടിലേക്ക് എത്തിയ 60 ലക്ഷം രൂപയിൽ ബിനീഷിന്റെ നിർദ്ദേശപ്രകാരവും തുകയെത്തി. അനൂപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മൊഴിക്കുരുക്കിൽ ബിനീഷിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല.
അനൂപ്, ബിനീഷ് എന്നിവരുടെ മലയാള ചലച്ചിത്ര മേഖലയുമായുള്ള ബന്ധവും ഇ.ഡി. അന്വേഷിച്ചു തുടങ്ങി. ഇവർ ചില സിനിമകളിൽ പണം മുടക്കിയെന്നാണ് ഇ.ഡിക്ക് വിവരം ലഭിച്ചത്. ഇതും കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായാണോയെന്നാണ് പരിശോധിക്കുന്നത്.