കൊച്ചി: വാട്ടർ അതോറിറ്റിയുടെ കലൂർ സബ് ഡിവിഷൻ ഓഫീസ് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി എം.എൽ.എ ആയിരുന്ന കാലയളവിൽ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് രണ്ടു നിലകളിലായി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

നിലവിൽ 44,559 ഉപഭോക്താക്കളാണ് ഈ സബ് ഡിവിഷനു കീഴിലുള്ളത്. കൊച്ചി കോർപ്പറേഷന്റെ 34,36,38,39,40,41,44,64,71,72 എന്നീ ഡിവിഷനുകൾ പൂർണ്ണമായും 33, 35, 37, 65, 70 ഡിവിഷനുകൾ ഭാഗീകമായും, കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകളിലേയും ശുദ്ധജലവിതരണ ചുമതല ഈ ഓഫീസിനാണ്. നിലവിൽ 55 ജീവനക്കാർ ഓഫീസിലുണ്ട്. സ്ഥല പരിമിതി മൂലം ജീവനക്കാരും പൊതു ജനങ്ങളും ഏറെ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ 18 വർഷക്കാലത്തോളമായി ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.

2017 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും 2019 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 32 ലക്ഷം രൂപയുമാണ് പദ്ധതിയ്ക്കായി ഹൈബി ഈഡൻ അനുവദിച്ചത്. സബ് ഡിവിഷൻ ഓഫീസും രണ്ട് സെക്ഷൻ ഓഫീസുകളുമാണ് 4105 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.കലൂർ, എളമക്കര, ചെരാനല്ലൂർ, കടമക്കുടി പ്രദേശത്തുള്ളവർക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ കെട്ടിടം.

ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹൈബി ഈഡൻ എം.പി, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ എം.ശ്രീകുമാർ, സൂപ്രണ്ടിംഗ് എൻജിനീയർ പ്രീതിമോൾ സി.കെ, എക്‌സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഷാഹി, കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം ഹാരിസ്, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അലക്‌സ് കണ്ണമല, ഇടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു തുടങ്ങിയവർ പങ്കെടുത്തു.