jos
ജോസ് ചേട്ടന് ബാബുസാർ നിർമ്മിച്ചു നൽകിയ വീടിന്റെ പ്രവേശനം നഗരസഭ ചെയർമാൻ സാബു.കെ.ജേക്കബ് ഭദ്രദീപം തെളിച്ച് നിർവഹിക്കുന്നു.

പിറവം : മുനിസിപ്പാലിറ്റിയിലെ കക്കാട്ടിൽ പാലയ്ക്കാമലയിൽ ജോസ് ചേട്ടന് ഇനി ആശ്വസിക്കാം. കേറിക്കികിടക്കാൻ സ്വന്തമായി വീടില്ലാതിരുന്ന അദ്ദേഹത്തിന്റെ വീടെന്ന സ്വപ്നം സാമൂഹ്യപ്രവർത്തകനും റിട്ട. അദ്ധ്യാപകനുമായ പി.പി. ബാബുവെന്ന നല്ല മനസിന്റെ കാരുണ്യത്തിൽ പൂവണിഞ്ഞു. പുനർനിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ സാബു കെ ജേക്കബ് ജോസ് ചേട്ടന് താക്കോൽ കൈമാറി. കൗൺസിലർ തമ്പി പുതുവാകുന്നേൽ, സോജൻ ജോർജ്, പി.പി. ബാബു, റെജി കൊടുമ്പുറത്ത് എന്നിവർ പങ്കെടുത്തു.


# സഹിച്ചത് ഏറെ

ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജോസിന് 4 മക്കളുണ്ടായിരുന്നു. മൂന്നുപേരും മരണമടഞ്ഞു. ഭാര്യയും പത്തുവർഷം മുമ്പ് മരിച്ചു.വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ പകച്ചുപോയ ജീവിതമാണ് ജോസിന്റേത്. ഏറ്റവും ഇളയ മകൾ വിവാഹം കഴിഞ്ഞ് വെള്ളൂരിലാണ് താമസിക്കുന്നത്. അറുപത്തേഴുകാരനായ നാട്ടുകാരുടെ ജോസ് ചേട്ടൻ ഒറ്റയ്ക്കാണ് താമസം, ഭക്ഷണം സുമനസുകളുടെ സഹായത്തിലും.

കഴിഞ്ഞ ഒക്ടോബറിലെ തുലാവർഷക്കാലത്ത് കാറ്റിലും ഇടിമിന്നലിലും ജോസിന്റെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വീട് മുഴുവൻ ചോർന്നൊലിച്ചു. ആരും സഹായിക്കാൻ മന്നോട്ടുവന്നില്ല.ഒരു ദിവസം പി.പി. ബാബു എന്ന സാമൂഹ്യപ്രവർത്തകനെ ജോസിന്റെ കൂട്ടുകാരൻ റെജി കൊടുംപുറത്ത് വിളിച്ചിട്ട് ഇവിടെവരെ വരാമോ എന്ന് ചോദിച്ചു. അവിടെയെത്തിയ ബാബുസാറാണ് ജോസിന്റെ ജീവിതാവസ്ഥ നേരിൽക്കണ്ട് വീട് എല്ലാവിധ സൗകര്യങ്ങളോടെയും പുനർനിർമ്മിക്കാനുള്ള സാഹചര്യം ഒരുക്കിയത്. ആവശ്യമായ മുഴുവൻ തുകയും ബാബുസാറിന്റെ പെൻഷൻ തുകയിൽ നിന്ന് ചെലവഴിച്ചു.

സർവീസിൽ ഇരിക്കമ്പോൾ മാസ ശമ്പളത്തിന്റെ ഒരുഭാഗം മുളക്കുളം പുത്തൻകുടിലിൽ പി.പി. ബാബു ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നു. പിറവം സെന്റ് ജോസഫ് ഹൈസ്കൂളിൽ നിന്നാണ് വിരമിച്ചത്. തുടർന്ന് മാസം ലഭിക്കുന്ന പെൻഷന്റെ ഒരുഭാഗം ഇതുപോലുള്ള പ്രവർത്തനത്തിന് ചെലവഴിക്കുന്നു.