കൊച്ചി : മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം തുറന്ന ബീച്ചുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സന്ദർശകരുടെ വരവ് തുടങ്ങി. ചെറായി പള്ളത്താംകുളങ്ങര, ചാത്തങ്ങാട്, മുനമ്പം ബീച്ചുകളിൽ ഇന്നലെ ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരടക്കം ഒട്ടനവധി സന്ദർശകർ എത്തി.
മട്ടാഞ്ചേരിയിലെ പൈതൃക കേന്ദ്രത്തിൽ 100 പേർക്കാണ് പ്രവേശനം. പരമാവധി ഒരു മണിക്കൂറാണ് പാർക്കിംഗ് സമയം. ഡച്ച് കൊട്ടാരം, ജൂതപ്പള്ളി എന്നിവയും നിയന്ത്രണങ്ങളോടെ സന്ദർശിക്കാം. സിനഗോഗിൽ ഒരേസമയം 10 പേർക്ക് പ്രവേശിക്കാം. ഹാന്റിക്രാഫ്റ്റ് കടകൾ ഉൾപ്പടെ തുറന്ന് പ്രവർത്തിക്കും.
ചെറായി ബീച്ച് കല്ലുകൾ നിറഞ്ഞ അവസ്ഥയിലാണെങ്കിലും അതിനപ്പുറം തീരമുള്ളതിനാൽ എത്തിയവർക്കു കടലിൽ കുളിക്കാനും മറ്റും കഴിയുന്നുണ്ട്.
കർശന പരിശോധനകളും
പ്രവേശന കവാടത്തിൽ തെർമൽ പരിശോധനയ്ക്കുശേഷം സാനിറ്റൈസർ നല്‍കിയാണ് സന്ദർശകരെ കടത്തിവിടുന്നത്. നടപ്പാതകളിൽ രണ്ടുമീറ്റർ അകലത്തിൽ സാമൂഹ്യ അകലം രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളയിൽ കൈവരികൾ സാനിറ്റൈസ് ചെയ്യുകയും ശുചിമുറികൾ വൃത്തിയാക്കുകയും ചെയ്യും.
ഹോംസ്‌റ്റേകളും സർവീസ്ഡ് വില്ലകളും ഒരുങ്ങികഴിഞ്ഞു.ബീച്ച് പരിസരത്തെ കടകൾ തുറന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാ മുൻകരുതലുകളോടും കൂടിയാണു ബീച്ചിലെ സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവർത്തനം. കർശനമായ പൊലീസ് പരിശോധനയും ഉണ്ട്.
ഇക്കോ ടൂറിസം മേഖലകളും ഉണർന്നു
തെന്മല, ശെന്തുരുണി ഇക്കോടൂറിസം എന്നിവിടങ്ങളെല്ലാം സഞ്ചാരികളാൽ നിറയുന്നു. പാലരുവി ജലപാതം 7ന് തുറക്കും, കുളിക്കാൻ അവസരമില്ല. തെന്മലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളെ ഉൾക്കൊള്ളാൻ പറ്റാത്ത സ്ഥിതിയാണ്. ബോട്ടിംഗ്, കുട്ടവഞ്ചി എന്നിവയിലെ സവാരിക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരുന്നു. 25 സീറ്റുള്ള ബോട്ടിൽ പകുതി സഞ്ചാരികളെ മാത്രമേ ഇപ്പോൾ അനുവദിക്കുന്നുള്ളൂ. ദിവസവും 2 സവാരി മാത്രമാണ് നടത്തുന്നത്. ഓരോ സവാരി കഴിഞ്ഞ് ബോട്ടും ജാക്കറ്റും അണുനശീകരണം നടത്തും.
പാലരുവി ജലപാതത്തിലേക്ക് ഏഴു മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കും. കുളിക്കാൻ അനുമതി നൽകിയിട്ടില്ല. ജലപാതം കണ്ടു മടങ്ങാം. തെന്മല പരപ്പാർ അണക്കെട്ടിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല. പതിമൂന്നു കണ്ണറ, ലുക്കൗട്ട് തടയണ എന്നിവിടങ്ങളിലും സഞ്ചാരികൾ എത്തുന്നുണ്ട്.