കൊച്ചി: പെൺകുട്ടികൾക്കും ഭിന്നശേഷി വിദ്യാർത്ഥികൾക്കുമായി സ്കോളർഷിപ്പ് പദ്ധതിയൊരുക്കി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ). ഏതെങ്കിലും സാങ്കേതിക വിഷയങ്ങളിൽ ബിരുദത്തിനോ ഡിപ്ലോമയ്ക്കോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം. പെൺകുട്ടികൾക്കായി പ്രഗതി സ്കോളർഷിപ്പ് ടെക്നിക്കൽ ബിരുദ/ഡിപ്ലോമ പഠനം നടത്തുന്ന പെൺകുട്ടികൾക്കായുള്ള സ്കോളർഷിപ്പാണിത്. നിലവിൽ ഒന്നാംവർഷത്തിലോ സെമസ്റ്ററിലോ (ലാറ്ററൽ എൻട്രിയാണെങ്കിൽ രണ്ടാംവർഷം) പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് അപേക്ഷിക്കാനാകുക.

കുടുംബത്തിന്റെ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കവിയരുത്. 5,000ലധികം പെൺകുട്ടികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും. കോഴ്സ് കഴിയുന്നതുവരെ 50,000 രൂപ സ്കോളർഷിപ്പായി ലഭിക്കും. ഭിന്നശേഷിക്കാർക്കായി സക്ഷം സ്കോളർഷിപ്പ് ടെക്നിക്കൽ ബിരുദ/ഡിപ്ലോമ കോഴ്സിന്റെ ഒന്നാംവർഷത്തിലോ രണ്ടാംവർഷത്തിലോ പഠിക്കുന്ന, 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം. വാർഷികവരുമാനം എട്ട് ലക്ഷത്തിൽ കവിയരുത്. നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ scholarships.gov.in രജിസ്റ്റർ ചെയ്ത് ആവശ്യമായ വിവരങ്ങളും രേഖകളും സമർപ്പിച്ച് വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം. നവംബർ 30ആണ് അവസാനതീയതി.