ആലുവ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വ്യാപാരദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് രാവിലെ 10 മണി മുതൽ 12 മണി വരെ കടകൾ തുറന്നുവച്ച് പ്രതീകാത്മക വ്യാപാരബന്ത് നടത്തും. ആലുവയിൽ സമരം വിജയിപ്പിക്കാൻ ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ജി.എസ്.ടിയിലെ വ്യാപാരിദ്രോഹ നടപടികൾ പിൻവലിക്കുക, കൊവിഡിന്റെ പേരിൽ അനാവശ്യ കടപരിശോധന ഒഴിവാക്കുക, നഗരവികസനത്തിന് കുടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആലുവയിൽ 10 കേന്ദ്രങ്ങളിൽ ധർണയും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഇ.എം. നസീർബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ എന്നിവർ അറിയിച്ചു.