കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിൽ എറണാകുളം അഡി. സ്‌പെഷ്യൽ സെഷൻസ് കോടതിയിലെ (സി.ബി.ഐ കോടതി) വിചാരണ നടപടികൾ ഹൈക്കോടതി നവംബർ ആറു വരെ തടഞ്ഞു. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും നൽകിയ ഹർജികൾ പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തിനിരയായ നടിയുടെ സ്വഭാവം പോലും ചോദ്യം ചെയ്യുന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്നും സാക്ഷികളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണെന്നും നടിയുടെ അഭിഭാഷകൻ വ്യക്തമാക്കി.തുടർച്ചയായി ഒമ്പതു ദിവസം വരെ ക്രോസ് വിസ്താരം ചെയ്യുന്ന സ്ഥിതിയുണ്ടായെന്നും നടിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു.
വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന് സർക്കാരിനു വേണ്ടി ഹാജരായ സീനിയർ ഗവൺമെന്റ് പ്ളീഡർ ആവശ്യപ്പെട്ടു. മെമ്മറി കാർഡിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് സിഡാക്കിനെയും സെൻട്രൽ ഫോറൻസിക് ലാബിനെയും കോടതി നേരിട്ടു ഫോണിൽ വിളിച്ചിരുന്നു. ദിലീപിനു വേണ്ടിയാണ് ഇതു ചെയ്തത്. പല ചോദ്യങ്ങളും ഇരയെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലായിരുന്നു. അനാവശ്യവും അടിസ്ഥാനരഹിതവുമായ പല പരാമർശങ്ങളും കോടതിയുടെ ഭാഗത്തു നിന്നുണ്ടായെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
ഇൗ ആരോപണങ്ങൾ ക്രോസ് വിസ്താരം നടന്ന സമയത്ത് കോടതിയിൽ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. ശ്രദ്ധയിൽ പെടുത്തിയിരുന്നതായി നടിയും സർക്കാരും വിശദീകരിച്ചു. ചില വീഴ്ചകളുണ്ടെന്ന് കണക്കിലെടുത്താൽപ്പോലും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറിയെന്ന് പറയാൻ കഴിയുമോയെന്നും ഇരയുടെ ആവശ്യപ്രകാരമല്ലേ വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിലേക്ക് വിചാരണ മാറ്റിയതെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.
ഇന്ന് വിചാരണക്കോടതി കേസ് പരിഗണിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് നവംബർ ആറുവരെ വിചാരണ നിറുത്തി വയ്ക്കാൻ ഇടക്കാല ഉത്തരവു നൽകിയത്.
കോടതി മാറ്റത്തിനായി
പ്രോസിക്യൂഷൻ ഉന്നയിക്കുന്ന ആരോപണങ്ങൾ
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റത്തിന്റെ ആവശ്യം വ്യക്തമാക്കാൻ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങളിൽ ചിലത് :
ദിലീപിന്റെ ആദ്യ ഭാര്യയും ചലച്ചിത്ര നടിയുമായ മഞ്ജുവാര്യരെ വിസ്തരിച്ചപ്പോൾ സ്വഭാവഹത്യ നടത്തുന്ന രീതിയിലുള്ള ചോദ്യങ്ങൾ പ്രതിഭാഗത്തു നിന്നുണ്ടായി. ദിലീപ് മകളെ ഉപയോഗിച്ചു സ്വാധീനിക്കാൻ ശ്രമിച്ചെന്ന മഞ്ജുവാര്യരുടെ മൊഴിയിലെ ഭാഗം കോടതി രേഖപ്പെടുത്തിയില്ല. മകൾ ഫോണിൽ വിളിച്ച് അച്ഛനെതിരെ (ദിലീപ്) മൊഴി നൽകരുതെന്ന് ആവശ്യപ്പെട്ടെന്നും എന്നാൽ സത്യം പറയാൻ തനിക്കു ബാദ്ധ്യതയുണ്ടെന്ന് മറുപടി നൽകിയെന്നും മഞ്ജു പറഞ്ഞിരുന്നു. എന്നാൽ ഇതു രേഖപ്പെടുത്തിയില്ല.
അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും. അവളെന്റെ കുടുംബം തകർത്തെന്നും ദിലീപ് പറഞ്ഞതായി നടി ഭാമ 2013 ൽ എറണാകുളം അബാദ് പ്ളാസയിൽ ചലച്ചിത്ര താരങ്ങളുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ നടക്കുമ്പോൾ തന്നോടു പറഞ്ഞെന്ന് ഇര കോടതിയിൽ പറഞ്ഞിരുന്നു. ഇതു കേട്ടുകേൾവിയാണെന്ന കാരണത്താൽ രേഖപ്പെടുത്തിയില്ല. ദിലീപിനു പങ്കുണ്ടെന്ന് എന്തുകൊണ്ട് മനസിലായെന്നു പറഞ്ഞതും രേഖപ്പെടുത്തിയില്ല.
രഹസ്യ വിചാരണയായിട്ടും 17 അഭിഭാഷകർ ഹാജരായി. എട്ടുപേർ ദിലീപിനു വേണ്ടിയാണ് ഹാജരായത്. സംഭവത്തെക്കുറിച്ചും പ്രതികളുടെ പ്രവൃത്തിയെക്കുറിച്ചും വിശദീകരിക്കുമ്പോൾ ഇര തകർന്നുപോയി. തുടർന്ന് കോടതി നടപടികൾ കുറച്ചു നേരം നിറുത്തി വയ്ക്കേണ്ടിവന്നു. ഇതൊന്നും രേഖപ്പെടുത്തിയില്ല.
ദിലീപിന് അനുകൂലമായി മൊഴി നൽകാൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷികളായ വാസുദേവൻ, വിപിൻലാൽ എന്നിവ പ്രോസിക്യൂഷനെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയില്ല.
രഹസ്യ വിചാരണയെ ബാധിക്കുന്ന തരത്തിൽ ഒന്നുമില്ലാതിരുന്നിട്ടും സാക്ഷിയായ രമ്യാ നമ്പീശനെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിമർശിച്ചു. സിനിമാ നടിയായല്ല, സാക്ഷിയായാണ് നിൽക്കുന്നതെന്നും ഇതു സിനിമാ ലൊക്കേഷനല്ലെന്നും കോടതി വിമർശിച്ചു.