നെടുമ്പാശേരി: ഒന്നര പതിറ്റാണ്ടിലേറെയായി തരിശായിക്കിടന്ന പാലപ്രശേരി തേറാട്ടിക്കുന്ന് പാടശേഖരത്തിൽ ഇനി നെൽക്കതിർ വിളയും. ചെങ്ങമനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ തേറാട്ടിക്കുന്നിൽ തരിശിട്ട 10 ഏക്കറോളം ഭാഗത്താണ് നെൽക്കൃഷിക്ക് തുടക്കമായത്.
തേറാട്ടിക്കുന്ന് നെല്ലുല്പാദക സമിതിയുടെ നേതൃത്വത്തിൽ തരിശിട്ട പാടത്താരംഭിച്ച നെൽക്കൃഷി യന്ത്രവത്കൃത ഞാറ് നടീൽ നിർവഹിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരിയും സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ.അനിലും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് കൃഷി ഓഫീസർ മേരി ശിൽപ്പ കെ. തോമസ്, അസി.കൃഷി ഓഫീസർ പി.എ. മുംതാസ്, നെല്ലുല്പാദക സമിതി സെക്രട്ടറി എ.ബി. മോഹനൻ, പ്രസിഡന്റ് എ.എസ്. ഷാജി എന്നിവർ നേതൃത്വം നൽകി.
പരമ്പരാഗത കർഷകരിൽനിന്ന് ഭൂമാഫിയ ചുളുവിലക്ക് കൃഷിയിടങ്ങൾ കൈവശപ്പെടുത്തുകയും നെൽക്കൃഷി വിവിധ കാരണങ്ങളാൽ സങ്കീർണാവസ്ഥയിലാവുകയും ചെയ്തതോടെയാണ് മൂന്നുപൂപ്പ് കൃഷിചെയ്തിരുന്ന ഇവിടെ നെൽക്കൃഷി നിലച്ചത്. ഭൂമി കൈമാറ്റം ചെയ്യാത്ത പല പരമ്പരാഗത കർഷകരും ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വർഷങ്ങളായി തരിശിട്ടിരിക്കുകയായിരുന്നു.
# തരിശിടങ്ങളിൽ നെൽക്കൃഷി
അതിനിടെ കഴിഞ്ഞ രണ്ട് വർഷമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെയും ചെങ്ങമനാട് സഹകരണബാങ്കിന്റെയും നേതൃത്വത്തിൽ കൃഷി പോഷിപ്പിക്കുന്ന പദ്ധതികൾക്ക് തുടക്കം കുറിച്ചതോടെ തരിശിടങ്ങളിൽപോലും നെൽക്കൃഷി സജീവമായി. സഹകരണബാങ്കിന് അപേക്ഷ സമർപ്പിച്ചാൽ 48 മണിക്കൂറിനകം പലിശരഹിത വായ്പനൽകുകയും നെല്ല് വീണ്ടെടുത്ത് അരിയാക്കി 'ചെങ്ങമനാടൻ കുത്തരി'യെന്ന ലേബലിൽ വിപണിയിൽ ഇറക്കുകയുമാണ്. നവീന പദ്ധതികൾ ആരംഭിച്ചതോടെ കർഷകർ വീണ്ടും കൃഷിയിലേക്ക് തിരിഞ്ഞു.