കൊച്ചി: മേയർ സൗമിനി ജെയിനിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അവസാന കൗൺസിൽ യോഗമാണ് ഇന്ന് ഉച്ചയ്ക്ക് എറണാകുളം ടൗൺഹാളിൽ നടക്കുന്നത്. സമാപന ചർച്ചകൾക്ക് ശേഷം ആഡംബര ഹോട്ടലിലെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാണ് മുൻ വർഷങ്ങളിൽ കൗൺസിലർമാർ വിട ചൊല്ലിയിരുന്നത്. എന്നാൽ കൊവിഡ് ആ കീഴ്‌വഴക്കങ്ങളെല്ലാം തകിടംമറിച്ചു. 11 ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കും.
വിട്ടൊഴിയാത്ത വിവാദങ്ങൾ
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മേയർ സ്ഥാനത്തിന് യു.ഡി.എഫിൽ പിടിവലിയായി. അനിശ്ചിതത്വത്തിന് ഒടുവിൽ എ പക്ഷക്കാരിയായ സൗമിനി ജെയിന് മേയർ സ്ഥാനം ലഭിച്ചുവെങ്കിലും പാർട്ടിയിലെ ഉൾപ്പോരുകൾ മൂലം സ്വസ്ഥമായി ഭരിക്കാനായില്ല. മേയർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നായിരുന്നു പ്രധാന പരാതി. രണ്ടര വർഷം തികയും മുമ്പ് മേയർ സ്ഥാനത്തു നിന്ന് സൗമിനിയെ മാറ്റുന്നതിനുള്ള പ്രചരണങ്ങൾക്ക് ചൂടുപിടിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുകൂല നിലപാട് സ്വീകരിച്ചത് മേയർക്ക് പിടിവള്ളിയായി. അതിനിടെ യു.ഡി.എഫിന് സമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി.കെ.മിനിമോൾ രാജി വച്ചു. മേയർ പക്ഷത്തെ പ്രധാനികളായിരുന്ന എ.ബി.സാബു, കെ.വി.പി.കൃഷ്ണകുമാർ എന്നിവർക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയേണ്ടി വന്നു. രാജി വയ്ക്കണമെന്ന നേതൃത്വത്തിന്റെ അന്ത്യശാസന ധിക്കരിച്ച് ഗ്രേസി ജോസഫ് അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്നത് കോൺഗ്രസിന് നാണക്കേടായി. ടി.ജെ.വിനോദ് എം.എൽ.എ യായതോടെ കെ.ആർ.പ്രേമകുമാർ ഡെപ്യൂട്ടി മേയറായി. സ്ഥാനമാറ്റങ്ങളും തമ്മിലടിയും സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് അടിക്കടിയുള്ള തിരഞ്ഞെടുപ്പുകളും ഭരണത്തെ പ്രതികൂലമായി ബാധിച്ചു. മേയർക്കെതിരെ രണ്ടാമതും അവിശ്വാസം അവതരിപ്പിക്കുന്നതിനായി എൽ.ഡി.എഫ് കോപ്പു കൂട്ടുന്നതിനിടയിലാണ് കൊവിഡിന്റെ വരവ്.
ഉൾപ്പോര് തിരിച്ചടിയായി
കേന്ദ്ര്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് കോടികളുടെ ഫണ്ട് ലഭിച്ചിട്ടും വേണ്ടവിധത്തിൽ ഉപയോഗിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടു
ഓൺലൈൻ വഴി നികുതി അടയ്ക്കുന്നതിനോ ജനന,.മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനോ സൗകര്യമില്ലാത്തതിനാൽ ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ വലഞ്ഞു. നികുതി വരുമാനം കുത്തനെ ഇടിഞ്ഞു.
കരാറുകാരുടെ സമരം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചു
ഭരണനേതൃത്വം പരാജയം
30 വർഷമായി ഞാൻ കൗൺസിലറാണ്. ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിട്ട ഒരു ഭരണസമിതി ഇതിന് മുമ്പുണ്ടായിട്ടില്ല. ഫണ്ടില്ലാത്തതിനാൽ കഴിഞ്ഞ മൂന്നു വർഷമായി ഡിവിഷൻ തലത്തിലുള്ള ജോലികൾ നടന്നിട്ടില്ല. കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. അമൃത്. സ്മാർട്ട് സിറ്റി, പി.എം.എ.വൈ തുടങ്ങിയ പദ്ധതികൾക്കായി കേന്ദ്രസർക്കാരിൽ നിന്ന് കോടികളുടെ സഹായം ലഭിച്ചതു കൊണ്ടാണ് യു.ഡി.എഫ് ഇത്രയെങ്കിലും പിടിച്ചുനിന്നത്.
ശ്യാമള പ്രഭു
ബി.ജെ.പി കൗൺസിലർ