കുറുപ്പംപടി: ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണമില്ലാത്തതിന്റെ ദുരിതം ജനങ്ങൾക്ക് ഒരുപോലെ ബോദ്ധ്യപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് കോടി യുവാക്കൾക്ക് ജോലി നൽകുമെന്ന് വാഗ്ദാനം നൽകിയ മോദി സർക്കാർ ജോലി നൽകിയില്ലെന്ന് മാത്രമല്ല ജി.എസ്.ടിയിലൂടെയും നോട്ട് നിരോധനത്തിലൂടെയും രാജ്യത്തിന്റെ സാമ്പത്തികനില തകർക്കുകയും ചെയ്തു.
അഴിമതിരഹിതഭരണം വാഗ്ദാനം നൽകി അധികാരത്തിലേറിയ പിണറായി സർക്കാരിനെ ന്യായീകരിക്കാൻ സ്വന്തം പാർട്ടിക്കാർക്കുപോലും കഴിയാത്ത അവസ്ഥയായെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ടി എം സക്കീർ ഹുസൈൻ, അബ്ദുൽ മുത്തലിബ്, ജയ്സൺ ജോസഫ്, ഒ. ദേവസി,മനോജ് മൂത്തേടൻ,ബേസിൽ പോൾ, ഡാനിയേൽ,ടി.ജി. സുനിൽ, വർഗീസ് മൂലൻ, ബിന്ദു ഗോപാലകൃഷ്ണൻ,കെ.പി. വർഗീസ്, എൻ.എം. സലിം, ബിന്ദു നാരായണൻ എന്നിവർ സംസാരിച്ചു.