police

ഫോർട്ടുകൊച്ചി: എട്ട് മാസമായി അടച്ചിട്ടിരുന്ന ബീച്ചും വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നെങ്കിലും ഫോർട്ടുകൊച്ചിയിൽ കുടുംബമായി എത്തുന്നവരെ പൊലീസ് വിരട്ടിയോടിക്കുന്നതായി പരാതി. 144 ചട്ടം നിലനിൽക്കെ ഈ മാസം 15 വരെ പ്രവേശനം അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ഫോർട്ടുകൊച്ചി ബീച്ച്, ജൂതപ്പള്ളി, മട്ടാഞ്ചേരി കൊട്ടാരം, സെന്റ് ഫ്രാൻസിസ് പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ കേരളപ്പിറവി ദിനത്തിൽ സഞ്ചാരികൾ എത്തിയിരുന്നു. ഫോർട്ട് കൊച്ചി ബീച്ചിൽ ദിനംപ്രതി 500 പേർക്കും കുഴുപ്പിള്ളി ബീച്ച് - 500, ചെറായി ബീച്ച് - 150, മുനമ്പം- 200, കുമ്പളങ്ങി - 50, തട്ടേക്കാട് -50 എന്നിങ്ങനെയാണ് ഡി.ടി.ഡി.സി സഞ്ചാരികളുടെ എണ്ണം നിജപ്പെടുത്തിയിരുന്നത്.

ഒന്നാം തിയതി മുതൽ എല്ലാം തുറന്ന് പ്രവർത്തിക്കാമെന്ന് പ്രതീക്ഷയിൽ ഹോട്ടലും ഹോം സ്റ്റേകളും മോടിപിടിപ്പിച്ചെങ്കിലും പൊലീസ് നടപടി ചെറുകിട കച്ചവടക്കാരെയടക്കം നിരാശയിലാക്കി. വിനോദ സഞ്ചാരങ്ങളിലെ പ്രവേശനങ്ങൾക്ക് സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾക്കൊപ്പം ജില്ലാ ടൂറിസം വികസന കൗൺസിലും മാർഗനിർദേശം പുറത്തിറക്കിയിരുന്നു. പൊലീസിന്റെ ഇടപെടൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ജൂതപ്പള്ളി തുറന്നെങ്കിലും ഏതാനും സഞ്ചാരികൾ മാത്രമാണ് ഇവിടെ എത്തിയത്.