നെടുമ്പാശേരി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തടിക്കൽകടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമായി. കുന്നുകര പഞ്ചായത്ത് ആറാം വാർഡിൽ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചിലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. 2013 ലാണ് ജില്ലാ പഞ്ചായത്ത് 14 ലക്ഷം രൂപ വകയിരുത്തി എൽ.ഐ സ്‌കീം നിർമ്മാണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ നിർമ്മാണം തടസപ്പെടുകയായിരുന്നു. പിന്നീട് നിലവിലുള്ള ഭരണസമിതി രണ്ട് ഘട്ടങ്ങളിലായി 36 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഇതിനിടെ 2018 ലെ മഹാപ്രളയത്തിൽ എൽ.ഐ സ്‌കീമിനായി സ്ഥാപിച്ചിരുന്ന മോട്ടോർ അടക്കം മുങ്ങിപോയതും പദ്ധതി വിനയായി. ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്യുന്നതോടെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് ലഭ്യമാകുന്നതിനൊപ്പം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. പെരിയാറിന്റെ തീരത്ത് തടിക്കൽകടവിലാണ് മോട്ടോർ ഷെഡ് സ്ഥാപിച്ചിട്ടുള്ളത്. 450 മീറ്റർ ദൂരെയുള്ള ഏറ്റവും ഉയർന്ന പ്രദേശമായ പള്ളികുന്നത്ത് സ്ഥാപിച്ചിരിക്കുന്ന ടാങ്കിലാണ് വെള്ളം പതിക്കുന്നത്. ഇതിനായി സമീപവാസി രാജീവ് സൗജന്യമായി ഭൂമി വിട്ടുനൽകുകയായിരുന്നു. കൂടാതെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് ആദ്യ ഘട്ടമായി 700 മീറ്ററോളം ദൂരത്തിൽ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്.
വി.കെ. ഇബ്രാഹിംകുഞ്ഞ് എൽ.ഐ സ്‌കീമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, ജില്ലാ പഞ്ചായത്തംഗം റസിയ സബാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, ഇ.എം സബാദ്, എം.എ സുധീർ, എസ്. ബിജു, കെ.ബി സജീവ് കുമാർ, പി.ആർ ഹരിദാസ്, സി.എ ഖാലിദ് മാസ്റ്റർ, ടി.കെ അജികുമാർ, വി.എ കരീം, കെ.കെ ലത്തീഫ്, എം.എച്ച് അൻസാർ തുടങ്ങിയവർ സംസാരിച്ചു.