വെല്ലിംഗ്ടൺ: ന്യൂസിലൻഡ് മന്ത്രിസഭയിൽ അംഗമാവുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയുമായി മലയാളി യുവതി. എറണാകുളം വടക്കൻ പറവൂർ സ്വദേശി രാധാകൃഷ്ണന്റെയും തൃശൂർ സ്വദേശി പരേതയായ ഉഷയുടെയും മകളാണ് ഈ നാല്പത്തൊന്നുകാരി. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേണിന്റെ ഉറ്റസുഹൃത്തായ പ്രിയങ്ക രണ്ടാംവട്ടം എം.പിയായതോടെയാണ് മന്ത്രിസ്ഥാനത്ത് എത്തിയത്. പിതാവ് മുപ്പതു വർഷം ജോലി നോക്കിയ സിംഗപ്പൂരിൽ നിന്നാണ് ഉന്നത പഠനത്തിനായി 2004ൽ ന്യൂസിലൻഡിൽ എത്തിയത്.
മാസ്റ്റർ ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിന് പഠിക്കവേ വെല്ലിഗ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥികളുടെ നേതാവായി പൊതുരംഗത്തിറങ്ങി. ലേബർ പാർട്ടിയുടെ സജീവപ്രവർത്തകയായിട്ട് പതിനഞ്ച് വർഷമായി.
നേതൃപാടവം പ്രകടമാക്കിയ പ്രിയങ്ക ലേബർ പാർട്ടിയുടെ നയരൂപീകരണ കമ്മിറ്റി അംഗമായും പാർട്ടിയിലെ ഉപദേശകയായും മാറി.
ഓക്ലാൻഡിലെ മൊംഗാകീകി മണ്ഡലത്തിലെ എം.പിയാണ്. ഭർത്താവ് റിച്ചാർഡ്സൺ ഐ.ടി പ്രൊഫഷണലാണ്.
പിതാവ് ചെന്നൈയിലാണ് ഇപ്പോഴും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രിയങ്കയുടെ മാതാവ് ഉഷ നിര്യാതയായത്. മരണാനന്തര ചടങ്ങുകൾക്ക് പ്രിയങ്ക എത്തിയിരുന്നു.
ഏക സഹോദരി കുടുംബ സമേതം കാനഡയിലാണ്.
നന്നായി മലയാളം സംസാരിക്കുന്ന പ്രിയങ്ക ഗാനഗന്ധർവൻ യേശുദാസിന്റെ ആരാധിക കൂടിയാണ്.
കഴിഞ്ഞ ഓണത്തിന് ന്യൂസിലാൻഡ് പ്രസിഡന്റ് ജസീന്ത ആർഡനൊപ്പം മലയാളികൾക്കുള്ള പ്രിയങ്കയുടെ ഓണാശംസ സന്ദേശം വൈറലായിരുന്നു.
# താരത്തിളക്കത്തിൽ കിഴക്കേവയൽമഠം തറവാട്
പറവൂർ: ന്യൂസിലൻഡിൽ മലയാളിയായ പ്രിയങ്ക മന്ത്രിയായതോടെ താരത്തിളക്കത്തിലാണ് പിതാവ് എസ്. രാധാകൃഷ്ണൻ ജനിച്ചു വളർന്ന പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിനു സമീപത്തുള്ള കിഴക്കേ വയൽമഠം തറവാട്. റിജിയണൽ എൻജിനിയറിംഗ് കോളേജിലെ പഠനവും കാൺപൂർ ഐ.ഐ.ടിയിലെ ഉന്നത പഠനവും കഴിഞ്ഞ് രാധാകൃഷ്ണൻ കേരളം വിട്ടു. പറവൂരിലെ തറവാട്ടുവീട്ടിൽ ഇപ്പോൾ താമസം ബന്ധുവായ റിട്ട. ജഡ്ജി ഗോപാല മേനോന്റെ മകൾ ബീന രാധയാണ്.രാധാകൃഷ്ണന്റെ സഹോദരി വിജയലക്ഷ്മി എറണാകുളത്തുണ്ട്.
ജോലി സംബന്ധമായി മുംബയിലും ചെന്നെെയിലും പിന്നീട് സിംഗപ്പൂരിലുമായിരുന്നു രാധാകൃഷ്ണനും കുടുംബവും. ചെന്നൈയിലാണ് പ്രിയങ്ക ജനിച്ചത്.
രാധാകൃഷ്ണൻ 1972ൽ സിംഗപ്പൂരിലെത്തി മുപ്പതുവർഷം ജോലി നോക്കി. പ്രിയങ്ക വളർന്നതും പഠിച്ചതും അവിടെയായിരുന്നു.ഇരുപതു വർഷം മുമ്പ് രാധാകൃഷ്ണൻ ചെന്നൈയിലേക്ക് താമസം മാറ്റി.
പിതാവ് രാധാകൃഷ്ണന്റെ മുത്തശ്ശിയുടെ സഹോദരീഭർത്താവായിരുന്നു എഴുത്തുകാരനായ കേസരി ബാലകൃഷ്ണപിള്ള. തമിഴ് തൊഴിലാളി രാഷ്ട്രീയത്തിൽ സജീവമായിരുന്നു അമ്മ ഉഷയുടെ മുത്തച്ഛൻ ഡോ. ടി. ആർ. കൃഷ്ണപിള്ള.
മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: പ്രിയങ്ക രാധാകൃഷ്ണനെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണിത്. കൊവിഡ് പ്രതിരോധം മികച്ച രീതിയിൽ നടപ്പിലാക്കിയരാജ്യമാണ് ന്യൂസിലൻഡ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ രാജ്യത്തിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും മികച്ച സംഭാവനകളർപ്പിക്കാൻ പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന്മുഖ്യമന്ത്രി ആശംസിച്ചു.