pocso
ആലുവ പോക്സോ കോടതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ഉദ്ഘാടനംനിർവഹിച്ച ശേഷം നടന്ന അതിഥികളുടെ പ്രവേശനോത്സവത്തിൽ ജഡ്ജി ഷിബു തോമസ് നാടമുറിക്കുന്നു

# ആദ്യദിവസം പരിഗണിച്ച നാല് കേസുകളും കക്ഷികളില്ലാതെ മാറ്റി

ആലുവ: ആലുവയിൽ ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പോക്‌സോ കോടതിയിൽ ആദ്യഘട്ടത്തിൽ നിലവിലെ കേസുകളുടെ വിചാരണ മാത്രമാകും നടക്കുക. പുതിയ കേസുകളിലെ പ്രതികളെ എറണാകുളം സെഷൻസ് കോടതിയിൽ തന്നെ ഹാജരാക്കണം.

സെഷൻസിൽ നമ്പർ ലഭിച്ച കേസുകൾ മാത്രം വേഗത്തിൽ വിചാരണക്കായിട്ടായിരിക്കും ആലുവ കോടതിയിലേക്ക് കൈമാറുക. തിങ്കൾ, വെള്ളി ദിവസങ്ങളിലായിരിക്കും സിറ്റിംഗ്. ഇന്നലെ വൈകിട്ട് മൂന്നരക്കാണ് ഓൺലൈൻ മുഖേന മുഖ്യമന്ത്രി മറ്റ് നാല് പോക്‌സോ കോടതികൾക്കൊപ്പം ആലുവ കോടതിയുടെയും ഉദ്ഘാടനം നിർവഹിച്ചത്. നാല് മണിയോടെ അഡീഷണൽ ജില്ലാ ജഡ്ജ് ഷിബു തോമസ് നാല് കേസുകൾ പരിഗണിച്ചെങ്കിലും കക്ഷികൾ ഹാജരില്ലാത്തതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. എറണാകുളം സെഷൻസ് കോടതിയിലുണ്ടായിരുന്ന 214 കേസുകളാണ് ആലുവ കോടതിയിലേക്ക് മാറ്റിയിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ഉദ്ഘാടനംനിർവഹിച്ച ശേഷം നടന്ന അതിഥികളുടെ പ്രവേശനോത്സവത്തിൽ ജഡ്ജി ഷിബു തോമസ് നാടമുറിച്ചു. അൻവർ സാദത്ത് എം.എൽ.എ നിലവിളക്ക് തെളിച്ചു. ആലുവ കോടതി മജിസ്‌ട്രേറ്റുമാരായ ആനി വർഗീസ്, എസ്. ശിവദാസ്, മുൻസിഫ് ടി.കെ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.