swapna

കൊച്ചി : നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തു നടത്തിയ കേസ് പുറത്തു വന്നതോടെ വിദേശത്തേക്ക് കടന്ന പ്രതികളെക്കുറിച്ചു വിവരങ്ങൾ ലഭിച്ചെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി. യു.എ.ഇ യിൽ നിന്ന് നാടുകടത്തിയതിനെത്തുടർന്ന് അറസ്റ്റിലായ പത്താം പ്രതി റബിൻസ്. കെ. ഹമീദിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷം ഇന്നലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അന്വേഷണ സംഘം ഇതു വ്യക്തമാക്കിയത്. റബിൻസിനെ നവംബർ അഞ്ചു വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരെ നവംബർ മൂന്നു മുതൽ ആറുവരെ ജയിലിൽ ചോദ്യം ചെയ്യാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനോടനുബന്ധിച്ച് ഇൗ മൂന്നു പ്രതികളെയും ജുഡിഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ഇ.ഡി നൽകിയ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെ പ്രതികളെ ചോദ്യം ചെയ്യാം. രണ്ടു മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യുമ്പോൾ അരമണിക്കൂർ ഇടവേള നൽകണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.