congress

ആലുവ: യു.ഡി.എഫ് ഘടകകക്ഷികളെ തൊടീക്കാതെ ആലുവ നഗരസഭയിൽ മുഴുവൻ സീറ്റിലും മത്സരിക്കുന്ന കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷമായി. കെ.പി.സി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ചിലരെ ആറാം തവണയും മത്സരിപ്പിക്കാനുള്ള നീക്കമാണ് വിവാദമായത്.

അതേസമയം, ആദ്യമായി കൗൺസിലറായവർ പ്രവർത്തന മികവ് കാണിച്ചിട്ടും ഒരവസരം കൂടി നൽകാത്തതും പാെട്ടിത്തെറിക്ക് വഴിവെച്ചു. ഇതേതുടർന്ന് രണ്ട് എ വിഭാഗം സിറ്റിംഗ് കൗൺസിലർമാരും രണ്ട് മുൻ കൗൺസിലർമാരും ഉൾപ്പെടെ നാല് പേർ ഐ പക്ഷത്തേക്ക് കൂറുമാറി. നഗരസഭയിലെ 26 വാർഡിലും വർഷങ്ങളായി കോൺഗ്രസ് മാത്രമാണ് മത്സരിക്കുന്നത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീംലീഗിന്റെ സംസ്ഥാന നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയും ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂർ ഉൾപ്പെടെ നഗരവാസികളാണെങ്കിലും ഇതൊന്നും സീറ്റ് കൈയ്യടക്കുമ്പോൾ കോൺഗ്രസ് പരിഗണിക്കാറില്ല. കഴിഞ്ഞ തവണ സ്വന്തം നിലയിൽ ഒരു വാർഡിൽ മത്സരിച്ച ലീഗ് ഇക്കുറി ഒരു സീറ്റ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

26 -ാം വാർഡ് വിട്ടുതരണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എക്കും യു.ഡി.എഫ് മുൻ ജില്ലാ ചെയർമാനായ എം.ഒ. ജോണിനും കത്ത് നൽകിയതായി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ പറഞ്ഞു. യു.ഡി.എഫ് ജില്ലാ യോഗത്തിലും ആവശ്യമുന്നയിച്ചിട്ടുണ്ട്. അനുകൂലമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവഗണിച്ചാൽ ഭാവി തീരുമാനം അപ്പോൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് തവണയിൽ കൂടുതൽ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന കെ.പി.സി.സി നിർദ്ദേശം അവഗണിച്ച് ആറാം തവണയും ചിലർക്ക് സീറ്റ് നൽകാൻ നീക്കം നടത്തുന്നതിൽ യുവാക്കളിലാണ് പ്രതിഷേധം ശക്തമായിട്ടുള്ളത്. അതേസമയം, മികച്ച കൗൺസിലർമാരായ ലളിത ഗണേശൻ, ടെൻസി വർഗീസ് എന്നിവരെയാണ് ഒഴിവാക്കുന്നത്. ഇതോടെ ഇവരും അർഹതയുണ്ടായിട്ടും സീറ്റ് നിഷേധിച്ച മുൻ കൗൺസിലർമാരായ ലിസ ജോൺസൺ, ദീപ തോമസ് എന്നിവരും എ ഗ്രൂപ്പ് വിട്ട് ഐ പാളയത്തിലെത്തി. കഴിഞ്ഞ കൗൺസിലിൽ അഞ്ച് പേർ ഉണ്ടായിരുന്ന ഐ പക്ഷത്തിന് നിലവിലെ സാഹചര്യത്തിൽ രണ്ട് സീറ്റാണ് ലഭിക്കാൻ സാധ്യത. എം.എൽ.എയുടെ വിശ്വസ്തൻമാരായ ജെറോം മൈക്കിളും എം.പി. സൈമണും. മറ്റുള്ളവരിൽ ലീന ജോർജിന് സീറ്റില്ല. സൗമ്യ കാട്ടുങ്കൽ എ ഗ്രൂപ്പിലേക്ക് ചേക്കേറി. കെ.വി. സരള സസ്പെൻഷനിലാണ്. ലിജി ജോയിയുടെ വാർ‌ഡിലാണ് എം.പി സൈമൺ മത്സരിക്കുക.

ജോൺ മത്സരിക്കണമെന്ന് മണ്ഡലം കമ്മിറ്റി

കോൺഗ്രസ് തോട്ടക്കാട്ടുകര മണ്ഡലം കമ്മിറ്റി യോഗത്തിൽ മുൻ ചെയർമാനും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ എം.ഒ. ജോൺ മത്സരിക്കണമെന്ന് ഏകകണ്ഠമായി ആവശ്യമുയർന്നു. ജോണിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗമെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. നഗരവികസനത്തിന് ജോണിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് പ്രവർത്തകർ പറയുന്നത്.