കൊച്ചി: ശരിക്കും മടുത്തു. ഉത്സവവും ആഘോഷങ്ങളുമൊന്നുമില്ല. . മുറ്റത്തും പറമ്പിലുമായി മാറിമാറി വട്ടംചവിട്ടാൻ തുടങ്ങിയിട്ട് ആറേഴ് മാസമായി. രാവിലെ നീരാട്ടിനൊരു ചെറുയാത്ര ഉണ്ടെന്നത് ഒഴിച്ചാൽ കാര്യമായ നടപ്പുമില്ല. നിലയിൽ നിന്ന് തലയാട്ടിയും കൊമ്പുകുലുക്കിയും ഗജവീരൻ പോളക്കുളം വിഷ്ണുനാരായണൻ പരിഭവം ഭാവിക്കുകയാണ്. ഒന്നാം പാപ്പൻ ഓണക്കൂർ ചിറ്റേത്തറയിൽ രത്നാകരന്റെ കൂടെയാണ് കൊവിഡ് കാലവാസം. അടുക്കളപ്പുറത്തെ മുറ്റത്ത് വെയിലും മഴയും ഏൽക്കാതെ തളയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വീട്ടിലെ വിശേഷങ്ങളൊക്കെ ഒളിഞ്ഞുനോക്കി അടുക്കളമുറ്റത്ത് നിൽക്കാൻ വിഷ്ണുനാരായണനും പെരുത്ത ഇഷ്ടമാണ്. ഒരേ നിലയിൽ നിന്ന് മടുക്കുമ്പോൾ പറമ്പിലേക്ക് ഒന്ന് മാറ്റിത്തളയ്ക്കും. ഇങ്ങനെ രണ്ടേ രണ്ട് താവളങ്ങളിലാണ് കൊവിഡ് കാലം കഴിച്ചുകൂട്ടുന്നത്.
മുൻകാലങ്ങളിലൊക്കെ എത്രയെത്ര ഉത്സവങ്ങൾ, ആഘോഷങ്ങൾ, ഏതെല്ലാം ദേവീ ദേവന്മാരുടെ തിടമ്പേറ്റി എഴുന്നള്ളിയിരിക്കുന്നു. പഴവും ശർക്കരയുമൊക്കെ തിന്നതിന് വല്ല കണക്കുമുണ്ടോ. ഇത്തവണ ആഘോഷവുമില്ല, ആരവങ്ങളുമില്ല. അതൊക്കെ ഓർത്തിട്ടാകാം വിഷ്ണുനാരായണന് ആകെയൊരു നിസംഗഭാവമാണ്.രത്നാകരനും ഭാര്യ അജിതയ്ക്കും മക്കൾ രണ്ടുപേരാണ്. വിഷ്ണുവും അർജുനും. അവർക്കൊപ്പം മൂന്നാമതൊരാൾകൂടി വന്നതുപോലുള്ള സന്തോഷത്തിലാണ് ദമ്പതികൾ. വിഷ്ണൂ... എന്ന് അജിത മകനെ വീളിച്ചാലും വിഷ്ണുനാരായണൻ ചെവിയോർക്കും. ചിലപ്പോൾ വിളികേട്ടു എന്ന മട്ടിൽ ചെറുതായൊന്ന് കുറുകും. അതുകേൾക്കുമ്പോൾ നിന്നെ അല്ലെടാ.... അവനെയാണ് വിളിച്ചതെന്ന് അജിത തിരുത്തിയാലും വിഷ്ണുനാരായണന് തൃപ്തിയാവില്ല. അടുത്തുപോയി പരിചരിക്കാനും പനംപട്ടകൊടുക്കാനുമൊക്കെ അജിതയ്ക്കും മക്കൾക്കും അവകാശമുണ്ട്. പക്ഷെ അഴിച്ചുകൊണ്ടുനടക്കാൻ ശ്രമിച്ചിട്ടില്ലന്നെയുള്ളു. എറണാകുളം സ്വദേശികളായ പോളക്കുളം കുടുംബത്തിന്റെ വകയാണ് വിഷ്ണുനാരായണൻ. ഇതിന്റെ ഒന്നാം പാപ്പാനാണ് രത്നാകരൻ. പണിയില്ലെങ്കിലും പരിപാലനം ഉറപ്പാക്കാനാണ് തനിക്കൊപ്പം ആനയെ ആയച്ചതെന്നാണ് പാപ്പാൻ പറയുന്നത്. ആഴ്ചയിൽ ഒരുതവണയെങ്കിലും ഉടമകൾ വന്ന് ക്ഷേമാന്വേഷണം നടത്തിപ്പോകാറുമുണ്ട്.