കോലഞ്ചേരി: ഇടതു കാലിലെ മന്തിന് വലതു കാലിൽ ചികിത്സ. ഇതാണ് കടയിരുപ്പ് എഴിപ്രം ഭാഗത്ത് കൂടി പോകുന്ന കനാൽ ബണ്ട് അറ്റകുറ്റ പണിയുടെ ഇന്നത്തെ അവസ്ഥ. തലതിരിഞ്ഞ നിർമ്മാണമാണ് ഇവിടെ നടക്കുന്നത്. തകർന്ന കനാൽ ബണ്ടിനു പകരം തകരാത്ത ബണ്ടിനാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഭൂതത്താൻ കെട്ടിൽ നിന്നും ചിത്രപ്പുഴ ഭാഗത്തേയ്ക്ക് വെള്ളമെത്തിക്കുന്ന ഹൈലെവൽ കനാലാണിത്.
നാളുകളായുള്ള ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കനാൽബണ്ട് കെട്ടി സംരക്ഷിക്കുന്നതിന് നാല് ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ ജോലികൾ ആരംഭിച്ചത്. എന്നാൽ അശാസ്ത്രീയമാണ് നിർമ്മാണമെന്നാണ് പ്രദേശ വാസികളുടെ പരാതി.ചോർച്ചയുള്ള ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതിന് പകരം മറുവശത്ത് നിർമ്മാണ ജോലികൾ നടത്തി തങ്ങളെ വീണ്ടും ദുരിതത്തിലാക്കുകയാണെന്ന് ഇവർ പറയുന്നു.കഴിഞ്ഞ പ്രളയകാലത്ത് കുത്തിയൊലിച്ച വെള്ളത്തിൽ ബണ്ട് തകരുമെന്ന ആശങ്കയിൽ തൊട്ടടുത്ത സുരക്ഷാ ക്യാമ്പുകളിലേക്ക് ഇവിടെയുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു. വേനൽ കാലമാകുന്നതോടെ കനാലിൽ നിറയെ വീണ്ടും വെള്ളമെത്തുമ്പോൾ കൊച്ചു കുട്ടികളടക്കമുള്ളവരെ എങ്ങനെ സുരക്ഷിതമാക്കുമെന്നാണ് ഇവർ ചോദിക്കുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാകുന്ന സാഹചര്യത്തിന് എത്രയും വേഗം പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം.എന്നാൽ കരാർ നല്കിയിരിക്കുന്ന ജോലികളുടെ സ്ഥിതിഗതികൾ വിലയിരുത്തി പരിഹാരം കാണാമെന്നാണ് പെരിയാർവാലി അധികൃതർ പറയുന്നത്.
ഭീതിയിൽ പ്രദേശവാസികൾ
വെള്ളമൊഴുകിയെത്തിയാൽ വെള്ളത്തിലാകുന്ന കരയിരുപ്പ് എഴിപ്രം ഭാഗത്തുള്ള വീട്ടുകാരാണ് ഇതോടെ ദുരിതത്തിലാകുന്നത്. നാട്ടുകാർ ബണ്ട് ഇടിയുമെന്ന ഭീതിയിലാണ് പരാതി നല്കിയത്. എന്നാൽ പരാതിയുള്ള ഭാഗത്ത് വന്നിരിക്കുന്ന വിള്ളലുകൾ തത്കാലം ഓട്ടയടപ്പിൽ ഒതുക്കി. ഇവിടെ കനാലിലൂടെ വെള്ളം വരുന്ന സമയങ്ങളിൽ ബണ്ടിനോട് ചേർന്ന് താമസിക്കുന്നവർക്ക് ഭയമാണ്.അളവിൽ കവിഞ്ഞ് വെള്ളം ഒഴുകിയെത്തിയാൽ ബണ്ടിന് താഴെയുള്ള അഞ്ചോളം കുടുംബങ്ങൾ വെള്ളത്തിലാവും. കൊച്ചു കുട്ടികളടക്കം ഇരുപത്തിഅഞ്ചോളം പേരാണ് ഇത്തരത്തിൽ ഭീതിയോടെ കഴിയുന്നത്.