കൊച്ചി: റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിന് മുകളിൽ നിരത്തിയിരിക്കുന്ന ബൗളുകളിൽ പലവർണങ്ങളിലുള്ള ഫൈറ്റർ മത്സ്യങ്ങൾ. ഫൈറ്ററുകളെ വിറ്റ് ജീവിതത്തോട് ഫൈറ്റ് ചെയ്യുകയാണ് ഇടക്കൊച്ചി സ്വദേശി ജൂഡ്.കൊവിഡ് 19 വഴിമുട്ടിച്ച പല ജീവിതങ്ങളിൽ ഒന്നാണ് ജൂഡിന്റെതും. പത്ത് വർഷം വിദേശത്ത് ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ ജൂഡ് സുഹൃത്തിന്റെ ടാക്സിയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. അതിനിടെ 2017ൽ ലോണെടുത്ത് സ്വന്തമായി കാർ വാങ്ങി എറണാകുളം നഗരത്തിൽ യൂബറിൽ ഓടിത്തുടങ്ങി. ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് ഇടിത്തീ പോലെ കൊവിഡ് വ്യാപനം പിടിമുറുക്കിയത്. അതോടെ ഓട്ടം ഇല്ലാതായി. മാസങ്ങളോളം ലോൺ അടവ് മുടങ്ങി. വണ്ടി പിടിച്ചെടുക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതോടെ ഇനിയെന്ത് വഴിയെന്ന് ചിന്തിച്ചു. വഴിയരികിൽ നിരന്ന് നിരന്ന് പലതരം കച്ചവടക്കാരെ കണ്ടപ്പോഴാണ് അതുവഴി നീങ്ങാമെന്ന് ആലോചിക്കുന്നത്. അങ്ങനെ വാഹനവുമായി നേരെ നിരത്തിലേക്കിറങ്ങി. ഇത്തവണ വാഹനത്തിൽ യാത്രക്കാരായിരുന്നില്ല, പലതരം മീനുകളായിരുന്നു. കയ്സാന്റ്, ഓസ്കർ, ഫൈറ്റർ, ഹാഫ് ബ്ളാക്ക് ഗപ്പികൾ, എലിഫന്റ് ഇയർ, ആൽബിനോ റെഡ്, എലട്രിക് ബ്ളൂ, കോയഗപ്പി, പ്ളാറ്റിന എന്നീ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങണുള്ളത്. കൂടാതെ മീൻ തീറ്റ, കളർ കല്ലുകൾ, ബൗൾ, മാസ്കുകൾ എന്നിവയും ഉണ്ട്. പനമ്പള്ളി നഗറിൽ റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിന് മുകളിൽ വിവിധ തരത്തിലുള്ള മത്സ്യങ്ങൾ വില്പനയ്ക്കായി നിരത്തിയിരിക്കുന്ന കാഴ്ച യാത്രക്കാർക്ക് കൗതുകം കൂടിയാണ്.