കൊച്ചി: പ്രതിസന്ധിക്ക് മുന്നിൽ മുട്ട് മടക്കരുത്. നെഞ്ച് വിരിച്ച് ഫൈറ്റ് ചെയ്യണം. അല്ലലില്ലാതെ ജീവിതം മുന്നോട്ടുരുട്ടാൻ അതുമതി. ഇടക്കൊച്ചി സ്വദേശി ജൂഡ് സ്വന്തം ജീവിതം പറയുമ്പോൾ അത് കൊവിഡ് കാലത്ത് എല്ലാം നഷ്ടപ്പെട്ടവക്ക് നൽകുന്ന പ്രതീക്ഷയും പ്രത്യാശയും ചെറുതല്ല. പ്രാവാസിയിൽ നിന്നും കൊച്ചിയുടെ തെരുവിൽ അലങ്കാര മത്സ്യങ്ങളെ വിറ്റ് ജീവിക്കുന്ന ജൂഡിന്റെ കഥ ഇങ്ങനെ.
മാറിമറിഞ്ഞ് ജീവിതം
മികച്ച ജീവിതം സ്വപ്നം കണ്ട് 2004ൽ വെൽഡിംഗ് വിസയിൽ ജൂഡ് വിദേശത്തേക്ക് പറന്നു. ഒരു പതിറ്റാണ്ടോളം ജോലി ചെയ്തെങ്കിലും ഒന്നും സ്വരുക്കൂട്ടാനാവാതെ അമ്പതുകാരന് സ്വന്തം നാട്ടിലേക്ക് മടങ്ങാനായിരുന്നു വിധി. തിരിച്ചെത്തിയ ജൂഡ് സുഹൃത്തിന്റെ കാർ വാടകയ്ക്ക് എടുത്ത് ടാക്സിയായി ഓടാൻ തുടങ്ങി. ചെറിയവരുമാനം ജീവിതത്തിന് താങ്ങായി. ഒരു വർഷം മുമ്പ് ലോണെടുത്ത് കാറ് വാങ്ങി. സ്വന്തം കാറ് ടാക്സിയാക്കിയതോടെ ആശ്വസിക്കുന്ന വരുമാനം ലഭിച്ചു തുടങ്ങി. എന്നാൽ കൊവിഡ് വ്യാപനം എല്ലാം തകർത്തു. ഓട്ടം കുറഞ്ഞു. വരുമാനമില്ലാതെ പട്ടിണിയുടെ വക്കിലെത്തി. ജീവിതം ഇനിയെങ്ങിനെ മുന്നോട്ട് ഉരുട്ടുമെന്ന ആലോചനയാണ് അലങ്കാരമത്സ്യ വില്പനയിൽ എത്തിച്ചത്. പനമ്പള്ളിനഗറിൽ വില്പന. ഭേദപ്പെട്ട കച്ചവടം നടക്കുന്നുണ്ടെന്ന് ജൂഡ് പറയുന്നു.
ഫൈറ്ററാണ് താരം
ഇടക്കൊച്ചിയിലെ വീട്ടിൽ നിന്നും രാവിലെ അലങ്കാര മത്സ്യങ്ങളുമായി ജൂഡ് പനമ്പള്ളി നഗറിലെത്തും. വൈകിട്ട് വരെയാണ് കച്ചവടം. കയ്സാന്റ്, ഓസ്കർ, ഫൈറ്റർ, ഹാഫ് ബ്ളാക്ക് ഗപ്പികൾ, എലിഫന്റ് ഇയർ, ആൽബിനോ റെഡ്, എലട്രിക് ബ്ളൂ, കോയഗപ്പി, പ്ളാറ്റിന എന്നീ ഇനങ്ങളിൽപ്പെട്ട അലങ്കാര മത്സ്യങ്ങളെല്ലാം വില്പനയ്ക്കുണ്ട്. ഫൈറ്ററാണ് കൂടുതലും വിറ്റുപോകുന്നത്.
മീൻ തീറ്റ, കളർ കല്ലുകൾ, ബൗൾ, മാസ്കുകൾ എന്നിവയും ലഭിക്കും.