കൊച്ചി: കൊവിഡിൽ തളർന്ന് വീണ സംസ്ഥാനത്തെ അച്ചടി മേഖല തിരിച്ചുവരവിന് പ്രതീക്ഷയോടെ നോക്കുന്നത് തദ്ദേശതിരഞ്ഞെടുപ്പിനെ. പ്രചാരണ പ്രവർത്തനങ്ങളെല്ലാം തന്നെ പ്രാദേശികമായി നടക്കുന്നതിനാൽ ചെറിയ പ്രസുകൾ തുടങ്ങി വൻകിടക്കാർ വരെ ഇതിനുള്ള ഒരുക്കത്തിലാണ്.
കൊവിഡിനെ തുടർന്ന് ഏറ്റവും അധികം തിരിച്ചടിയുണ്ടായ മേഖലകളിലൊന്നാണ് അച്ചടിയും അനുബന്ധവ്യവസായങ്ങളും. വാടകയും ജീവനക്കാരുടെ ശമ്പളവും നൽകാനാവാതെ വലയുകയാണ് പ്രസുകളിൽ ഏറെയും. വൈദ്യുതി ചാർജും വായ്പാ ഗഡുക്കളും കൂനിന്മേൽ കുരുവാകുന്നു.
പൊതുപരിപാടികളെല്ലാം ഇല്ലാതായപ്പോൾ തന്നെ ആദ്യം ബാധിച്ചത് ഈ രംഗത്തെയാണ്. പേപ്പർ, അച്ചടി അസംസ്കൃതസാധന വിതരണക്കാരും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
അസംബ്ളി, പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കേന്ദ്രീകൃതമായതിനാൽ അച്ചടി ജോലികളുടെ നല്ല പങ്കും അന്യസംസ്ഥാനങ്ങളിലേക്കാണ് പോവുക. വേഗതയും വിലക്കുറവുമാണ് കാരണം. ഏതാനും വർഷങ്ങളായി കേരളത്തിലെ വൻകിട പ്രസുകാരും മത്സരരംഗത്തുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലാകട്ടെ പ്രചാരണവും അച്ചടിയുമെല്ലാം പ്രാദേശിക തലത്തിലാണ്. വ്യക്തിബന്ധങ്ങളും പാർട്ടി ചായ്‌വുകളും ബിസിനസിന് ഗുണം ചെയ്യും.
പേപ്പർ വ്യാപാരികൾ തിരഞ്ഞെടുപ്പ് ജോലികൾ മുന്നിൽ കണ്ട് വലിയ തോതിൽ പേപ്പറുകൾ സ്റ്റോക്ക് ചെയ്യുന്നുണ്ട്.
1000 കോടിയുടെ അച്ചടി
കുറഞ്ഞത് 1000 കോടിയോളം രൂപയുടെ അച്ചടി ജോലികൾ തദ്ദേശ സ്ഥാപനതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. അനുബന്ധ ജോലികൾ പുറമേയാണ്. അഭ്യർത്ഥന, നോട്ടീസ്, പോസ്റ്റർ, വോട്ടേഴ്സ് സ്ളിപ്പ് തുടങ്ങിയവയാണ് അച്ചടികളിൽ പ്രധാനം.
4000 അച്ചടിശാലകൾ
കേരളത്തിൽ നാലായിരത്തോളം അച്ചടിശാലകളുണ്ട്. 150 ഓളം വൻകിട സ്ഥാപനങ്ങളാണ്. ഒരു ലക്ഷത്തോളം ജീവനക്കാരാണ് ഇവയിൽ ജോലിയെടുക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 12 പ്രസുകൾ പൂട്ടി. 25ൽ പരം ഉടനെ പൂട്ടും.
പാർട്ടികളുടെ സഹായം തേടി
കടുത്ത പ്രതിസന്ധിയിലായ അച്ചടിവ്യവസായത്തെ സംരക്ഷിക്കാൻ ഇക്കുറി എല്ലാ അച്ചടി ജോലികളും സംസ്ഥാനത്ത് തന്നെ ചെയ്യാൻ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രിന്റേഴ്സ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന സർക്കാരിനും കത്ത് നൽകും. തദ്ദേശ തിരഞ്ഞെടുപ്പാണ് അച്ചടിശാലക്കാരുടെ ഏക പ്രതീക്ഷ. നവംബർ ഒന്നു മുതൽ സംഘടന അച്ചടി സംരക്ഷണവാരം ആചരിക്കുകയാണ്.
പി.എം.ഹസൈനാർ
ജനറൽ സെക്രട്ടറി
കേരള പ്രിന്റേഴ്സ് അസോസിയേഷൻ
ഫ്ളക്സ് പ്രിന്റിംഗ് ഗോപി....
ഫ്ളക്സ് ബാനറുകളും ബോർഡുകളും കുറേക്കാലമായി തിരഞ്ഞെടുപ്പ് പ്രചാരണ ഉപാധികളിൽ താരമായിരുന്നു. പക്ഷേ ഈ തിരഞ്ഞെടുപ്പു മുതൽ ഇനി ഫ്ളക്സിന് കാലക്കേടാണ്. പ്ളാസ്റ്റിക്ക് നിരോധനവും റോഡിൽ ബോർഡുകളും ബാനറുകളും പാടില്ലെന്ന ഹൈക്കോടതി വിധിയും തിരിച്ചടിയായി. ജൈവ വസ്തുക്കളിൽ ഫ്ളക്സ് പ്രിന്റിംഗിന് ചെലവും കൂടുതലാകും.
മാസ്കാണ് താരം
വരുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താരമാകുന്നത് മാസ്കുകളാണ്. പാർട്ടി ചിഹ്നങ്ങളും സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ആലേഖനം ചെയ്ത മാസ്കുകൾക്കാണ് വലിയ ഡിമാൻഡ്. പ്രസുകളും ഇതിന്റെ ഓർഡറുകൾ ശേഖരിച്ചു തുടങ്ങി. ഡിസൈനർ മാസ്കുകളും ലഭ്യമാണ്. ഫോട്ടോ പ്രിന്റു ചെയ്യുന്ന മാസ്കുകൾക്ക് വില കൂടുതലാണ്.