കൊച്ചി: മണ്ഡല മകരവിളക്കുകാലത്ത് ശബരിമലയിൽ പ്രതിദിനം 1000 ഭക്തർക്കു മാത്രം പ്രവേശനം നൽകിയാൽ മതിയെന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദിവസവും 20,000 ഭക്തർക്ക് വീതം പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ചെന്നൈ അണ്ണാനഗർ സ്വദേശി കെ.പി. സുനിൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. 1000 ഭക്തർക്കുമാത്രം പ്രവേശനം എന്നതു വളരെക്കുറവാണെന്നും ഇതു വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിലപാടാണ് കോടതിയും സ്വീകരിച്ചത്. അടുത്തതവണ ഹർജി പരിഗണിക്കുമ്പോൾ ഉചിതമായ തീരുമാനമെടുത്ത് അറിയിക്കാനും ദേവസ്വം ഡിവിഷൻബെഞ്ച് സർക്കാരിനു നിർദ്ദേശം നൽകി. സസ്യജന്യമായ കൊവിഡ് പ്രതിരോധ ഒൗഷധങ്ങളും അണുനാശിനികളും ഉപയോഗിക്കുന്നതിലൂടെ പ്രതിദിനം 20,000 ഭക്തർക്ക് ശബരിമലയിൽ ദർശനത്തിന് അനുമതി നൽകാൻ കഴിയുമെന്നാണ് ഹർജിക്കാരന്റെ വാദം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുപ്പതി ക്ഷേത്രത്തിൽ പ്രതിദിനം 20,000 മുതൽ 25,000 ഭക്തർക്കുവരെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
പമ്പയിൽ സ്നാനം
ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇടത്താവളങ്ങളിൽ കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും കൊവിഡ് നെഗറ്റീവായ ഭക്തരെ പമ്പയിൽ സ്നാനംനടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് ഫ്രണ്ട് പ്രസിഡന്റ് ജി. ബൈജു ഹൈക്കോടതിയിൽ ഹർജി നൽകി. ശബരിമലയിൽ നിയോഗിക്കുന്ന ജീവനക്കാർക്ക് സർക്കാർ ചെലവിൽ കൊവിഡ് പരിശോധന നടത്തണം. പരമ്പരാഗത പാതകളായ എരുമേലി - കരിമല - പമ്പ, വണ്ടിപ്പെരിയാർ - പുല്ലുമേട് - സന്നിധാനം എന്നിവ തുറന്നുനൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.