usman

മൂവാറ്റുപുഴ: പാട്ട് റെഡി. ഇനി സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും വാർഡും കിട്ടിയാൽ മതി ! തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം നഗര ഗ്രാമ വ്യത്യാസമില്ലാതെ വാനോളം ഉയർത്താനുള്ള പാരഡി ഗാനങ്ങളുടെ പണിപ്പുരയിലാണ് മൂവാറ്റുപുഴയിലെ ഒരുകൂട്ടം ഗായകർ. കൊവിഡ് വ്യാപനത്തിന് പിന്നാലെ വേദികൾ നഷ്ടപ്പെട്ടവരാണ് അണിയറയിലെല്ലാം.

പാരഡി മസ്റ്റ്

ചുമരെഴുത്ത്. പോസ്റ്റർ പ്രചാരണം. പിന്നെ, പാരഡി ഗാനങ്ങൾ. തിരഞ്ഞെടുപ്പിലെ കോമ്പോയാണിത്. ഇത്തവണ കൊവിഡ് ഉയർത്തുന്ന വെല്ലുവിളി ചുമരെഴുത്തിന്റെയും പോസ്റ്റർ പ്രചാരണത്തിന്റെയും സ്വീകാര്യത കുറക്കുമെങ്കിലും പാരഡി ഗാനങ്ങൾക്ക് ഡിമാൻഡ് ഒട്ടും കുറയില്ലെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. മൂന്ന് പ്രഭല മുന്നണികളും സ്വതന്ത്യന്മാരടക്കം ഇതിനോടകം പാരഡിഗാനങ്ങൾക്കായി ഇവരെ സമീപിച്ചിട്ടുണ്ട്. നവമാദ്ധ്യമങ്ങളിലൂടെയും പാരിഡി ഗാനങ്ങൾ പ്രചരിപ്പിച്ചും വോട്ട് പെട്ടിയിലാക്കാമെന്ന മോഹവും പാർട്ടികൾക്കുണ്ട്.

പ്രതീക്ഷയുടെ പാട്ടുകൾ

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ഗായകരുടെ അതിജീവനത്തിനുള്ള പ്രതീക്ഷ കൂടിയാണ്. വേദികൾ കിട്ടാതെ സമ്പത്തികമായി പ്രതിസന്ധിയിലാണ് പല ഗായകരും.

അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കലാകാരന്മാർക്ക് കൊയ്ത്തുകാലം കൂടിയാണ്.

നേട്ടവും കോട്ടവും പാട്ടാകും

നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ഭരണപക്ഷത്തിനായി പാട്ട് തയാറാക്കുന്നത്. ഭരണപക്ഷത്തിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനായി പാട്ടുകൾ തയ്യാറാക്കുന്നത്. സമകാലിക വിഷയങ്ങളും പാട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു സ്ഥാനാർത്ഥിക്ക് അഞ്ചും ആറും ഗാനങ്ങൾ വേണം. ആരെത്തിയാലും അവരുടെ ആവശ്യം കണ്ടറിഞ്ഞ് ഗാനങ്ങൾ ചിട്ടപെടുത്തി നൽകുന്നതാണ് രീതി. മാപ്പിള പാട്ടുകളുടെ ഈണങ്ങളാലുള്ള തെരഞ്ഞെടുപ്പ് പാട്ടുകൾക്കാണ് ഡിമാന്റ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയായില്ലങ്കിലും നിരവധി പേർ പാട്ടിനു വേണ്ടി സമീപിച്ചുകഴി‌ഞ്ഞു. ഭരണ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥികളും ഇക്കൂട്ടത്തിലുണ്ട് സ്വതന്ത്രൻമാരുമുണ്ട്. നല്ല പാട്ടൊരുക്കുകയാണ് ലക്ഷ്യം.

ഉസ്മാൻ

ഗായകൻ

മൂവാറ്റുപുഴ