പള്ളുരുത്തി: സുമനസുകൾ കൈകോർത്തു. ജാൻസിക്കും സഹോദരിക്കും വീടൊരുങ്ങി. കച്ചേരിപ്പടി കോർപ്പറേഷൻ കോളനിയിൽ ഇടിഞ്ഞു വീഴാറായാണ് വീട്ടിലാണ് ജാൻസിയും കുടുംബവും നാളിതുവരെ കഴിഞ്ഞിരുന്നത്. ഇവരുടെ ദുരിതജീവം കണ്ട് സുമനസുകൾ പുതിയ വീടുവച്ചുനൽകാൻ ഒന്നിക്കുകയായിരുന്നു.

കോൺഗ്രസ് പ്രവർത്തകനായ ടി.എ.സിയാദിന്റെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ചത്. കോൺഗ്രസ് പ്രവർത്തകരും സുഹൃത്തുക്കളും മറ്റു സുമനസുകളും വീടിന് വേണ്ട സാമഗ്രികൾ നൽകി. ചിലർ കൂലി വാങ്ങാതെ ജോലി ചെയ്തു. പഴയ വീട് നിലനിന്നിരുന്ന സ്ഥലത്താണ് പുതിയ വീട് നിർമ്മിച്ചത്.450 സ്ക്വയർ ഫീറ്റിൽ രണ്ട് മുറി, അടുക്കള, ഹാൾ, ബാത്ത് റൂം എന്നിവ ഒരുക്കി. അവിവാഹിതയാണ് ജാൻസി. കോർപ്പറേഷൻ ജീവനക്കാരിയായ മാതാവിന്റെ മരണശേഷം തുച്ചമായി ലഭിക്കുന്ന പെൻഷൻ ഇവർ കഴിയുന്നത്.

അതേസമയം സ്വന്തമായി ഭൂമിയുള്ള കോർപ്പറേഷൻ കോളനികളിലെ താമസക്കാർക്ക് പട്ടയം എന്നുള്ള സ്വപ്നം ഇനിയും അകലെയാണ്.ഭരണം മാറി വരുമ്പോഴും തിരഞ്ഞെടുപ്പിന് പല മുന്നണികളും വാഗ്ദാനം നൽകുന്നതല്ലാതെ പട്ടയം നൽകാൻ ഇതുവരെ ആരും മുൻകൈ എടുത്തിട്ടില്ല.

താക്കോൽ ദാനം ഇന്ന്

പുതിയ വീടിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് 4ന് കച്ചേരിപ്പടിയിൽ നടക്കും. ഹൈബി ഈഡൻ എം.പി.ജാൻസിക്ക് താക്കോൽ കൈമാറും. മുൻ മന്ത്രി കെ.ബാബു, മുൻ ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ, ടി.എ.സിയാദ്, ജാൻസിയുടെ സഹോദരി ശോശാമ്മ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.