കൊച്ചി: കോമ്പിനേഷൻ വഴി പ്ലസ് വണ്ണിന് ഇഷ്ട വിഷയം ലഭിച്ചത് 23,663 വിദ്യാർത്ഥികൾക്ക് മാത്രം. 63,519 അപേക്ഷകളാണ് ആകെ ലഭിച്ചത്. 39,856 അപേക്ഷകൾ തള്ളി. ഇവർക്ക് മുഖ്യ അലോട്ട്‌മെന്റ് പ്രകാരം ലഭിച്ച സീറ്റുകളിൽ തന്നെ തുടരേണ്ടി വരും. ജില്ലയിൽ 1,027 സീറ്റുകളാണ് ഇനിയും ബാക്കിയുള്ളത്. കോമ്പിനേഷൻ മാറ്റത്തിനായി 4,857 അപേക്ഷ ലഭിച്ചതിൽ 2,074 പേർക്ക് പ്രവേശനം ലഭിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ കോമ്പിനേഷൻ മാറ്റത്തിനായി അപേക്ഷ സമർപ്പിച്ചത്. 10,312 പേർ. 3,380 വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട മാറ്റം ലഭിച്ചു.
ഇഷ്ടവിഷയങ്ങൾ ലഭിക്കാതെ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായാണ് കോമ്പിനേഷൻ മാറ്റത്തിന് അവസരമൊരുക്കിയത്. കഴിഞ്ഞ മാസം 27 മുതൽ 30 വരെയായിരുന്നു ഇതിനായി അപേക്ഷ സ്വീകരിച്ചത്. ലഭ്യമായ സീറ്റു വിവരങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള സീറ്റുകളിൽ മെറിറ്റ് ക്വാട്ടയിലോ സ്‌പോർട്ട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയവർക്കായിരുന്നു അപേക്ഷിക്കാൻ അവസരം ഒരുക്കിയത്. ജില്ലയ്ക്കകത്തോ, മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തിലൂടെയുള്ള സ്‌കൂൾ മാറ്റത്തിനോ അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറ്റത്തിനായാണ് വിദ്യാർത്ഥികൾ കൂടുതലും അപേക്ഷിച്ചത്.
സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം സ്‌കൂൾ, കോമ്പിനേഷൻ മാറ്റം നൽകുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മുഖ്യ അലോട്ട്‌മെന്റുകൾ പൂർത്തിയായ ശേഷമുണ്ടായ ഒഴിവുകൾ കണക്കാക്കിയ ശേഷമായിരുന്നു കോമ്പിനേഷൻ മാറ്റം നടത്തിയിരുന്നത്. എന്നാൽ ഇക്കുറി വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം നടത്താനിരുന്ന കോമ്പിനേഷൻ മാറ്റം ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം നടത്തുകയായിരുന്നു.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് തുടങ്ങി
നിലവിൽ മെറിറ്റ് സീറ്റുകൾ തീരുന്നതോടെ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടക്കും. ഇതിന്റെ ഭാഗമായി രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ആരംഭിച്ചു. ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 10,416 സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിവുള്ളത്.അഞ്ചിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.
കോമ്പിനേഷൻ മാറ്റത്തിലൂടെ പ്രവേശനം ലഭിച്ചവർ
ജില്ല, ആകെ അപേക്ഷകർ, മാറ്റം ലഭിച്ചവർ
തിരുവനന്തപുരം , 4296, 1402
കൊല്ലം 4319, 1794
പത്തനംതിട്ട 1144, 765
ആലപ്പുഴ 2963 , 1315
കോട്ടയം , 2216, 1252
ഇടുക്കി, 1632, 797
എറണാകുളം, 4857, 2074
തൃശൂർ, 5370, 2209
പാലക്കാട് , 6572, 2210
കോഴിക്കോട്, 7278, 2659
മലപ്പുറം, 10312, 3380
വയനാട്, 2151, 734
കണ്ണൂർ, 6959, 2070
കാസർകോട് , 3450, 1002
ആകെ , 63519, 23663